ബാലതാരങ്ങളായി എത്തി പ്രേക്ഷക മനസിൽ ഇടം നേടുന്ന നിരവധി താരങ്ങളുണ്ട്. ചിലർ അഭിനയം പാതിവഴിയിൽ ഉപേക്ഷിച്ചവരാകും എന്നാൽ മറ്റുചിലർ ഇപ്പോഴും സിനിമയുമായി മുന്നോട്ടു പോകുന്നവരും ആയിരിക്കും. അത്തരത്തിൽ ഇന്നും സിനിമാസ്വാദകർക്ക് പ്രിയങ്കരിയായി ഇരിക്കുന്നൊരു താരമുണ്ട്. അത് മറ്റാരുമല്ല സാറ അർജുൻ. ദൈവത്തിരുമകൾ എന്ന തമിഴ് ചിത്രത്തിൽ വിക്രത്തിനൊപ്പം അഭിനയിച്ച ബാല താരമാണിത്. നില എന്ന വേഷത്തിൽ എത്തി ചിയാൻ വിക്രമിനൊപ്പം കസറിയ സാറയെ അത്ര പെട്ടെന്നൊന്നും സിനിമാസ്വാദകർ മറക്കാൻ ഇടയില്ല. 404 എന്ന ഹിന്ദി ചിത്രത്തിലൂടെ ആണ് സാറ അർജുൻ വെള്ളിത്തിരയിൽ എത്തുന്നത്. അന്ന് അഞ്ച് വയസായിരുന്നു സാറയുടെ പ്രായം. പിന്നീട് ദൈവത്തിരുമകളിലൂടെ തമിഴിൽ എത്തി. ഈ ചിത്രം ആയിരുന്നു സാറയുടെ കരയറിൽ വൻവഴിത്തിരിവായത്. വിക്രമും സാറയും തമ്മിലുള്ള കെമിസ്ട്രി അത്രത്തോളം ചർച്ച ചെയ്യപ്പെട്ടതാണ്. ഈ ഒറ്റ സിനിമയിലൂടെ സാറയുടെ ഡിമാന്റ് ഏറി. ഏറ്റവും മൂല്യമേറിയ ബാലതാരമായി സാറ വളർന്നത് പെട്ടെന്നായിരുന്നു.
സില്ലുകറുപ്പട്ടി, മലയാള സിനിമ ആൻമരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലും സാറ ശ്രദ്ധേയമായ വേഷം ചെയ്തു. എന്നാൽ കുറെ നാൾ സാറയെ ബിഗ് സ്ക്രീനിൽ കണ്ടില്ല. ഒടുവിൽ താരത്തെ കാണുന്നത് മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിലൂടെ ആണ്. ഐശ്വര്യ റായിയുടെ കുട്ടിക്കാലം ആയിരുന്നു സാറ അവതരിപ്പിച്ചത്. ഏകദേശം പത്ത് വർഷത്തോളമായി സാറയുടെ സിനിമ കരിയർ ആരംഭിച്ചിട്ട്. ഈ കാലത്തിനുള്ളിൽ വൻ കുതിപ്പാണ് സാറയുടെ സമ്പാദ്യത്തിൽ ഉണ്ടായത്. ഇതുവരെ 10 കോടിയുടെ ആസ്തിയാണ് സാറയ്ക്ക് ഉള്ളത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ സാറയുടെ പ്രതിഫലം കോടികൾ ആയിരുന്നു. നിലവിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സാറ.