തിരുവനന്തപുരം : ജമാഅത്ത് ഭാരവാഹികൾ അവരുടെ ആവശ്യങ്ങൾ നേരത്തെ അറിയിച്ചിരുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരുടെ ആവശ്യം പഠിക്കാൻ കളക്ടറും വിസിൽ ഭാരവാഹികളും സ്ഥലം സന്ദർശിക്കും എന്നും അറിയിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ ഇന്ന് ഓഫീസിൽ ചർച്ച നടത്താമെന്ന് പറഞ്ഞതാണ്. പക്ഷേ അവർ പ്രതിഷേധിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കട്ടമര തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപിച്ച് വിഴിഞ്ഞം തെക്കും ഭാഗം വിഴിഞ്ഞം ജംഗ്ഷൻ ഉപരോധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ന്യായമായ ആവശ്യങ്ങൾ ആര് ഉന്നയിച്ചാലും പരിഗണിക്കും. ആരുമായും ഏറ്റുമുട്ടൽ സമീപനത്തിനില്ല. സമരക്കാർ തയ്യാറാണെങ്കിൽ ഇന്ന് ചർച്ച നടത്തും. ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ അപേക്ഷകൾ പരിഗണിച്ചത് പ്രകാരം അർഹരായ കട്ടമരതൊഴിലാളികൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. കൂടുതൽ പേർ അർഹരെങ്കിൽ അത് പരിശോധിക്കും. സർക്കാരിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ എന്നേ ഉള്ളൂ. ജാതിയോ മതമോ ഏതെങ്കിലും വിഭാഗമോ എന്ന പരിഗണന ഇല്ല. സ്ഥലം എംഎൽഎ ബന്ധപ്പെട്ടിട്ടില്ല. ഇന്നത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹം വന്നില്ല. നിലവിൽ പ്രതിഷേധിക്കുന്നവരുടെ അപേക്ഷകൾ അപ്പീൽ കമ്മിറ്റി പരിശോധിച്ചതാണ്. അവർ പദ്ധതി ബാധിത പ്രദേശത്തിന് പുറത്തുള്ളവരാണെന്നും മന്ത്രി പറഞ്ഞു.