യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. ഡിസിപിയുടെ മേൽനോട്ടത്തിൽ സൈബർ പൊലീസ് ഉൾപ്പെടെ എട്ടംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയും അന്വേഷിക്കും. മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപിയും കന്റോൺമെന്റ് എസിയും മേൽനോട്ടം വഹിക്കും.
അഞ്ച് ദിവസത്തിനകം തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും. യൂത്ത് കോൺഗ്രസ് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരുടെയും മൊഴിയെടുക്കും. സംഘടനയില്‍ പരാതി ഉന്നയിച്ചവരെയും ചോദ്യം ചെയ്യും. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഈ ആപ്പ് ഉണ്ടാക്കിയതിന്റെ ഗൂഢലക്ഷ്യവും പരിശോധിക്കും. മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ ആപ് നിര്‍മ്മിച്ചതെന്നും പൊലീസ് അന്വേഷിക്കും.