ദില്ലി: സിഗരറ്റ് ചോദിച്ചിട്ട് നൽകാത്തതിന്‍റെ പേരിൽ വ്യാപാരിയെ അയൽവാസി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ദ്വാരകയിലെ ശ്യാം എൻക്ലേവ് ഏരിയയിൽ നവംബർ 10ന് ആണ് സംഭവം. പലചരക്ക് കട നടത്തുന്ന 35 കാരനായ നന്ദുവിനെയാണ് അയൽവാസിയായ രാജ് കുമാർ അതിക്രൂരമായി മർദ്ദിച്ചത്. ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റ് നന്ദുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വീടിനോട് ചേർന്ന് ഒരു ചെറിയ പലചരക്ക് കട നടത്തുന്ന നന്ദു സംഭവ ദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ആക്രമണം നടന്നത്. “നവംബർ 10 ന് രാത്രി 11 മണിയോടെ കട അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. ആ സമയം അയൽക്കാരനായ രാജ് കുമാർ വന്ന് ഒരു പായ്ക്കറ്റ് സിഗരറ്റ് ചോദിച്ചു, എന്നാൽ കട പൂട്ടിയതിനാൽ സിഗരറ്റ് തരാനാകില്ലെന്നും രാവിലെ വരാനും ആവശ്യപ്പെട്ടു. ഇതോടെയാണ് രാജ് കുമാർ തന്നെ ആക്രമിച്ചത്’- നന്ദു പൊലീസിന് മൊഴി നൽകി.
രാത്രി 11 മണിയോടെയാണ് രാജ് കുമാർ കടയിലെത്തിയത്. കട തുറന്ന് ഒരു പയാക്കറ്റ് സിഗരറ്റ് വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. കട പൂട്ടിയെന്ന് പലതവണ പറഞ്ഞിട്ടും ഇയാള്‍ സിഗരറ്റിനായി വാശിപിടിച്ചു. ഇതോടെ രാജ് കുമാർ കടക്കാരനെ അസഭ്യം പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതരർക്കമുണ്ടായി. പ്രകോപിതനായ രാജ് കുമാർ ഇരുമ്പ് കമ്പി ഉപയോഗച്ച് അയൽവാസിയായ നന്ദുവിനെ ഗുരുതരമായി മർദ്ദിച്ചവശനാക്കുകയായിരുന്നു. അടിയേറ്റ് നന്ദുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.