കൽപ്പറ്റ : മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ നടപടികൾ പൂർണമായി നിലച്ചു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം പ്രതികളിൽ നിന്ന് പിഴയീടാക്കുന്നതിലാണ് തീരുമാനം വൈകുന്നത്. പിഴ നോട്ടീസ് കിട്ടിയ കർഷകർ സബ് കളക്ടർക്ക് അപ്പീൽ നൽകി. മുട്ടിൽ മരംമുറിക്കേസിൽ, മുറിച്ചുമാറ്റിയ മരങ്ങളുടെ മൂല്യത്തിന്റെ മൂന്നിരട്ടിയാണ് റവന്യൂവകുപ്പ് പ്രതികൾക്ക് പിഴചുമത്തിയത്. കബളിപ്പിക്കപ്പെട്ട കർഷകരും പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളും ഉൾപ്പെടെ 35 പേർക്കാണ് പിഴ നോട്ടീസ്. കർഷകർക്ക് പിഴ ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. എൽഡിഎഫ് തന്നെ നേരിട്ട് സമരത്തിനിറങ്ങി.
പിന്നാലെ വകുപ്പുമന്ത്രിയുടെ നിർദേശപ്രകാരം ഒക്ടോബർ നാലിന് എല്ലാ നടപടികളും റവന്യൂവകുപ്പ് നിർത്തിവച്ചു. നൽകിയ നോട്ടീസുകളുടെ കാര്യത്തിലും, ബാക്കി 27 പേർക്ക് നടപടിക്രമങ്ങളുടെ ഭാഗമായി നൽകേണ്ട നോട്ടീസുകളിലും ഉചിതമായ തീരുമാനം എടുക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ സർക്കാർ ചുമതലപ്പെടുത്തി. എന്നാൽ തുടർ തീരുമാനങ്ങൾ ഒന്നുമുണ്ടായില്ല. സർക്കാർ നിലപാടും വ്യക്തമാക്കിയില്ല. ഇതോടെ, എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ഉദ്യോഗസ്ഥർ.
റോജി അഗസ്റ്റിനും സഹോദരങ്ങളും കർഷകരെ കബളിപ്പിച്ചതിനാൽ നിയമ നടപടികളിൽ നിന്ന് കർഷകരെ ഒഴിവാക്കാൻ തീരുമാനിച്ചതാണ്. ഇതനുസരിച്ച് നോട്ടീസ് കിട്ടിയ കർഷകർ സബ്കളക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. എല്ലാ കർഷകർക്കും നടപടി ക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകിയാൽ മാത്രമേ അപ്പീൽ അധികാരത്തിലൂടെ അവരെ ഒഴിവാക്കാൻ കഴിയൂ. അല്ലാതെ കർഷകരെ പിഴനടപടികളിൽ നിന്ന് മുക്തരാക്കിയാൽ, യഥാർത്ഥ പ്രതികൾക്ക് ഗുണം ചെയ്യും. കേസിലെ പ്രതികൾ കെ.എൽ.സി നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. എന്നാൽ, നടപടി നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചിട്ടില്ല. റോജി അഗസ്റ്റിന്,ജോസുകുട്ടി അഗസ്റ്റിൻ,ആന്റോ അഗസ്റ്റിൻ അടക്കം 12പേരാണ് കേസിലെ പ്രതികൾ.