ഗസ്സ: ഗസ്സയിൽ നാലുദിവസം വെടിനിർത്തലിന് കരാർ. തീരുമാനം ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചു. 50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയായി. 150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ബന്ദികളുടെ മോചനത്തിൽ തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും. ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് ഇടപെട്ടു.
മാനുഷിക ഉടമ്പടിയെ സ്വാഗതം ചെയ്തുകൊണ്ട് ഹമാസ് ഇറക്കിയ പ്രസ്താവനയിലും 150 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുമെന്ന് പരാമർശിക്കുന്നുണ്ട്. ഏഴാഴ്ച നീണ്ട സമ്പൂർണയുദ്ധത്തിന് ശേഷമാണ് ഗസ്സയിൽ താത്ക്കാലികമായെങ്കിലും വെടിനിർത്തലിന് വഴിയൊരുങ്ങുന്നത്. വെടിനിർത്തൽ നിലവിലുള്ള ദിവസങ്ങളിൽ കരയിൽ പൂർണമായ വെടിനിർത്തലും തെക്കൻ ഗസ്സയ്ക്ക് മുകളിലൂടെയുള്ള വ്യോമാക്രമണത്തിന് നിയന്ത്രണവുമുണ്ടാകും. വെടിനിർത്തൽ കരാർ വോട്ടെടുപ്പിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ വലതുപക്ഷ സഖ്യത്തിനുള്ളിൽ നിന്ന് തന്നെ രൂക്ഷവിമർശനമാണ് നേരിട്ടത്. ഇസ്രയേൽ കണ്ട ഏറ്റവും മോശമായ ആക്രമണം നടത്തിയ ഹമാസിന് വഴങ്ങേണ്ടതില്ലെന്ന വിമർശനമാണ് ചില അംഗങ്ങൾ ഉന്നയിച്ചത്. ഇസ്രയേലി സൈനികരുടെ മോചനം കൂടി കരാറിൽ ഉൾപ്പെടുത്തണമായിരുന്നെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും അഭിപ്രായപ്പെട്ടു.