മാനന്തവാടി : ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് മാനന്തവാടിയിൽ എത്തിയപ്പോൾ ഗ്രൗണ്ടിൽ താഴ്ന്നു. എല്ലാവരും ഒത്തുപിടിച്ചാണ് ബസ് ഉയർത്തി സുരക്ഷിതമാക്കിയത്. വയനാട്ടിലെ ഒടുവിലത്തെ പ്രോഗ്രാം ആയിരുന്നു മാനന്തവാടിയിലേത്. ബസിന്റെ പിൻചക്രങ്ങളാണ് താഴ്ന്നത്. കയർ ഉപയോഗിച്ചാണ് പോലീസും സുരക്ഷാ അംഗങ്ങളും ബസിനെ സുരക്ഷിതമായി കയറ്റിയത്. നവ കേരള സദസ് തടയുമെന്ന് ഭീഷണിക്കത്ത് പ്രചരിച്ചു. വയനാട് കലക്ടറേറ്റിലാണ് സിപിഐ എംഎല്ലിന്റെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കത്ത് പോലീസിന് കൈമാറി. നവകേരള സദസിനെതിരായി ഭീഷണിക്കത്തു വന്നുവെന്ന വിവരം വയനാട് എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കത്തുകളാണ് വന്നത്. രണ്ടും വെവ്വേറെ കയ്യക്ഷരമാണെന്നും പോലീസ് പറഞ്ഞു. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുന്നതാണ് എന്ന് കത്തിൽ പറയുന്നു.