തമിഴ് സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള സംവിധായകരില്‍ ഒരാളായ ലോകേഷ് കനകരാജ് നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ജി സ്ക്വാഡ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതായ വിവരം ലോകേഷ് തന്നെയാണ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ സ്വന്തം നിര്‍മ്മാണത്തില്‍ ആദ്യമായി എത്തുന്ന സിനിമയുടെ പേരും മറ്റ് വിവരങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഫൈറ്റ് ക്ലബ്ബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അബ്ബാസ് എ റഹ്മത്ത് ആണ്. ഉറിയടി ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്. ടൈറ്റില്‍ പോസ്റ്റര്‍ സഹിതമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആദിത്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ, എഡിറ്റിംഗ് കൃപകരൺ, കഥ ശശി, തിരക്കഥ വിജയ്കുമാർ, ശശി, അബ്ബാസ് എ റഹ്മത്ത്, കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, ക്രിയേറ്റിവ് പ്രൊഡ്യൂസർ വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയറ്ററുകളിലേക്കെത്തും. പി ആർ ഒ പ്രതീഷ് ശേഖർ. തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ പ്രേക്ഷകരിലെത്തിക്കാനും ലക്ഷ്യമാക്കി ലോകേഷ് ആരംഭിച്ചിരിക്കുന്ന ബാനര്‍ ആണ് ജി സ്ക്വാഡ്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളും വന്‍ വിജയങ്ങള്‍. അദ്ദേഹത്തിന്റേതായി അവസാനമെത്തിയ, വിജയ് നായകനായ ലിയോ എക്കാലത്തെയും തമിഴ് സിനിമാ വിജയങ്ങളില്‍ രണ്ടാം സ്ഥാനത്താണ്.