തിരുവനന്തപുരം> ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിലാണ് കന്റോൺമെന്റ് പൊലീസ് അരവിന്ദിനെ ഇന്നലെ അറസ്റ്റ് ചെയ്‌തത്.
റിസപ്‌ഷനിസ്റ്റ് തസ്തികയിൽ നിയമന ഉത്തരവ് കൈമാറി 50,000 രൂപ വാങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറർ നൽകിയ പരാതിയിലാണ് അറസ്റ്റ്. എംപി ക്വോട്ടയിൽ നിയമനം നൽകാമെന്നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ യുവതിക്ക് അരവിന്ദ് നൽകിയ വാഗ്‌ദാനം. ജനുവരി 17ന് ജോലിക്ക് ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. അരവിന്ദ് പറഞ്ഞതുപ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.നിയമനത്തട്ടിപ്പു കേസിൽ അറസ്റ്റിലായതിന് പിന്നാലെ അരവിന്ദ് വെട്ടിക്കലിനെ സസ്പെൻഷൻഡ് ചെയ്തു. അരവിന്ദിനെ എല്ലാ ചുമതകളിൽനിന്നും ഒഴിവാക്കിയതായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.