തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡോ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
പെണ്‍കുട്ടികള്‍ മാത്രം വിചാരിച്ചാല്‍ മാത്രം സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാനാകില്ല. കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനിതാ കമ്മിഷനും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണം.
കര്‍ശന നിയമ നിര്‍മ്മാണത്തിലൂടെയും ബോധവത്ക്കരണത്തിലൂടെയും ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു. അതേസമയം, തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് പിണറായി വിജയൻ പറഞ്ഞു.
സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ് നാസർഫൈസി കൂടത്തായിയുടെ പരാമർശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഷഹ്നയുടെ കുടുംബാംഗങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.