തൃശൂർ > ചലച്ചിത്ര സംവിധായകൻ ജിയോബേബിയോടും, അദ്ദേഹം സംവിധാനം ചെയ്ത കാതൽ ദ് കോർ എന്ന സിനിമയോടും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രസിഡണ്ട് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും അറിയിച്ചു.
സിനിമയിൽ ചരിത്രബോധവും നൈതികതയും ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ ഈ ചലച്ചിത്രകാരനെ തള്ളിപ്പറയാൻ ശ്രമിക്കുന്നത് കലയിലെ ജനാധിപത്യസൗന്ദര്യത്തിന്റെ നിഷേധമാണ്. സമുന്നതനായ ഈ കലാകാരന് ഈയിടെ ഫാറൂഖ് കോളേജ് യൂണിയൻ്റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവം കേരളത്തിനു മുഴുവൻ അപമാനകരമാണ്.
മലയാള സിനിമയെ ലോകോത്തരനിലവാരത്തിലേക്ക് ഉയർത്തുന്നകാതൽ ദ് കോർ വരുംകാലത്തിന്റെയും ദൃശ്യാനുഭവമാണ്. ഈ സിനിമ കൃത്യമായും സൗന്ദര്യം നിറഞ്ഞ രാഷ്ട്രീയപ്രസ്താവനയാണ്. എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും, മായ്ച്ചു കളയാനാവാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധീരമായ ഇടതുപക്ഷ നിലപാടുകളോടൊപ്പം കാതൽ ദ് കോർ ചേർന്നു നിൽക്കുന്നുണ്ട്.
ഭാവിയിലെ മനുഷ്യജീവിതം പ്രണയനിർഭരമായ സന്ദർഭങ്ങളാൽ നിറഞ്ഞു തൂവട്ടെ എന്നാണീ സിനിമ പറയുന്നത്. വെറുപ്പിന്റെയും ജനാധിപത്യവിരുദ്ധതയുടെയും ജീർണ്ണമനസ്സുകളെ ഈ സിനിമ അലോസരപ്പെടുത്തും. ഭാവിയുടെ മഹത്തായ ഭാവനകൾ ഉയർന്നു വരേണ്ടതായ കേമ്പസുകളെപോലും , കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ കലയെ സ്നേഹിക്കുന്നവരുടെ നിതാന്ത ജാഗ്രത വേണം. എല്ലാ കാലത്തെയും ജീവിതത്തിലെ, സത്യത്തിന്റെ സൗന്ദര്യമായ കാതൽ ദി കോറിന്റെ സംവിധായകൻ ജിയോ ബേബിയോടൊപ്പംപുരോഗമന കലാസാഹിത്യ സംഘം ചേർന്നു നിൽക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.