കൊച്ചി: വാഹന മോഷണക്കേസിൽ ആറ്റിങ്ങൽ സ്വദേശി പിടിയിൽ. ശാസ്താംവിള വീട്ടിൽ സതീശനാണ് (39) എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. വാഹനമോഷണം, വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങളുടെ മോഷണം എന്നിവക്ക് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കേസുകളുണ്ട്. മാരിയമ്മൻ കോവിലിനടുത്ത് സംശയസാഹചര്യത്തിൽ കണ്ട പ്രതി പോലീസിനെ കണ്ട് പൾസർ ബൈക്ക് ഉപേക്ഷിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ബൈക്ക് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയതാണ്. തുടരന്വേഷണത്തിന് പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി.



















