കോതമംഗലം > നവകേരള സദസിനു നേരെ വ്യാപകമായ തരത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി കാണിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സദസ് ആരംഭിച്ചപ്പോൾ മുതലുണ്ട്. എന്നാൽ ഇന്ന് ബസിന് നേരെ ഏറ് ഉണ്ടാകുന്ന തരത്തിലേക്കാണ് ആക്രമണങ്ങളുടെ ഗതി മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സദസ് എന്താണെന്ന് മനസിലാക്കിയാണ് പതിനായിരങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇത് ചിലരെ വല്ലാതെ പ്രശ്നത്തിലാക്കുന്നു. അതിന്റെ ഫലമായാണ് കരിങ്കൊടി വീശുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ. എന്നാൽ നാട്ടുകാർ ഇതിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇന്നും ബസിനു നേരെ ഏറ് ഉണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്ന് മനസിലാകുന്നില്ല. നാട്ടുകാർ നല്ല രീതിയിൽ സംയമനം പാലിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നാൽ സ്വാഭാവികമായ നിയമനടപടി സ്വീകരിക്കേണ്ടി വരും. കുറച്ചു പേർക്ക് വേണ്ടി മാത്രമായി നടത്തുന്ന പരിപാടിയല്ല ഇത്. എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. അക്രമങ്ങൾ നടത്തുന്നവർ അതുകൂടി മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.