കൊച്ചി > നവകേരള സദസിനും മുഖ്യമന്ത്രിക്കുമെതിരെ അക്രമം തുടരുമെന്ന് ആവർത്തിച്ച് കെഎസ്യു. കരിങ്കൊടിക്ക് പകരം തിരുവനന്തപുരംവരെ ഷൂ എറിയുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇന്ന് കോതമംഗലം ഓടക്കാലിയിൽ വച്ചാണ് മുഖ്യമന്ത്രി സഞ്ചരിച്ച ബസിനും പൊലീസ് വാഹനങ്ങൾക്കുംനേരെ അതിരുവിട്ട് അക്രമം ഉണ്ടായത്. അക്രമികളായ നാല് കെഎസ്യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഷൂ ഏറിലേക്ക് പോയാൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ നീക്കം നടക്കുകയാണ്. ‘ധൈര്യമായി മുന്നോട്ടു പോകൂ ഞങ്ങൾ കൂടെയുണ്ട്’ എന്ന സന്ദേശമാണ് നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിനു നൽകുന്നത്. നാട് ആഗ്രഹിക്കുന്ന വികസനം അതേപടി പ്രാവർത്തികമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഒരിക്കലും നടക്കില്ലെന്നു കരുതിയ നിരവധി പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.