കൊച്ചി > നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ ഷൂ ഏറ് ഉണ്ടാകില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ അതിക്രമത്തിൽ പൊലീസ് കേസെടുത്തതോടെയാണ് കെഎസ്‌യുവിന്റെ മലക്കംമറിച്ചിൽ. തിരുവനന്തപുരംവരെ ഇനി കരിങ്കെടിയല്ല, ഷൂ ഏറ് ആണ് നടത്തുക എന്ന് ഇന്നലെ അലോഷ്യസ് പറഞ്ഞിരുന്നു. ഇതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം മാറ്റിപ്പറഞ്ഞത്.
പെരുമ്പാവൂര്‍ ഓടക്കാലിയില്‍ നവകേരള സദസിനെതിരെ നടന്ന അക്രമത്തിൽ കടുത്ത നടപടിയുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ നാല് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്.
ഇത്തരത്തില്‍ പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ജീവന് അപകടം ഉണ്ടായേക്കാമെന്ന ബോധ്യം പ്രതിഷേധക്കാര്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ നവകേരള സദസ് യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോള്‍ ഓടക്കാലിയില്‍ വച്ചാണ് ബസിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്.