തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കർശന വകുപ്പായ ഐപിസി 124 കൂടി ചേർത്ത് പൊലീസ്. ഗവർണർ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്. ഗവർണ്ണറുടെ കാറിന് മേൽ ചാടിവീണിട്ടും താരതമ്യേനെ ദുർബല വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിൽ ചേർത്തത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഒടുവിൽ കൂടുതൽ കർശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. ഗവർണ്ണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിച്ച കാര്യം പോലും പറയാതെയായിരുന്നും ആദ്യം എഫ്ഐആർ ഇട്ടത്. ഇതേതുടർന്ന് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവർണർ കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പുതിയ വകുപ്പു ചേർത്തത്.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷയുള്ള രണ്ടുപേരാണ് മുഖ്യമന്ത്രിയും ഗവര്‍ണറും. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ പെരുമ്പാവൂരില്‍ കെഎസ്.യുക്കാര്‍ ഷൂ എറിഞ്ഞപ്പോള്‍ ചുമത്തിയത് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞിട്ട്, വാഹനത്തില്‍ ഇടിക്കുകയും ഇരച്ചെത്തുകയും ചെയ്ത എസ്എഫ്ഐക്കാര്‍ക്കെതിരെ ഇത്തരം വകുപ്പുകളൊന്നുമില്ലാതെയായിരുന്നു പൊലീസിെൻറ എഫ്ഐആർ.കലാപാഹ്വാനം, ഗവർണ്ണറെ കരിങ്കോടി കാണിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിൻറെ കൃത്യനിർവ്വഹണം തടസ്സപെടുത്തി എന്നിവ മാത്രമായിരുന്നു കുറ്റങ്ങൾ.
ഒടുവിൽ കൂടുതൽ ശക്തമായ ഐപിസി 124 ചുമത്തണമെന്ന് ഗവർണർ തന്നെ ചീഫ് സെക്രട്ടറിയോയും ഡിജിപിയോടും ആവശ്യപ്പെട്ടതോടെയാണ് പൊലീസ് നിലപാട് മാറ്റിയത്. രാഷ്ട്രപതി, ഗവർണർ എന്നിവരെ വഴിയിൽ തടഞ്ഞാലോ ഉപദ്രവിക്കാൻ ശ്രമിച്ചാലോ ചുമത്തുന്നതാണ് 124. ഏഴ് വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. പാളയത്ത് ഗവർണറുടെ കാറിലടിച്ച 7 പേർക്കെതിരെയാണ് കൻറോൺമെനറ് പൊലീസ് 124 ആം വകുപ്പ് ചുമത്തുന്നത്. ആകെ പിടിയിലായത് 19 പേരിൽ 12 പേർക്കെതിരായാണ് ജാമ്യമില്ലാ കുറ്റം. രാജ്ഭവനിലെ സെക്യൂരിറ്റി ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയാണ് പുതിയ വകുപ്പ് ചേർത്തത്. ഇതിനിടെ പൊലീസ് ഗവർണ്ണറുടെ യാത്രാ വിവരം ചോർത്തി എസ്എഫ്ഐക്ക് നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
മുൻകൂട്ടി ആഹ്വാനം ചെയ്ത പ്രതിഷേധം എന്ന നിലക്ക് കൂടിയാണ് ഗവർണർക്കെതിരായ എസ്എഫ്ഐ സമരത്തെ സിപിഎം ന്യായീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് സമരം മുൻകൂട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് സിപിഎം വാദം പക്ഷെ ഇത് യൂത്ത് കോൺഗ്രസ് തള്ളുകയാണ്. നവകേരള സദസ്സിനിടെ സമരം കണക്കിലെടുത്ത് കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചതോടെ പ്രതിഷേധ ആഹ്വാനം നടത്തിയെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം.