ജോസഫ് വിജയ് എന്ന വിജയ് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട ദളപതി ആകാൻ താണ്ടിയ പ്രതിസന്ധികൾ ചെറുതൊന്നുമല്ല. “ഇന്ത മൂഞ്ചിയെ പാക്ക യാരാവത് കാസ് മുടക്കുമാ”,എന്ന് ചോദിച്ചവരെ കൊണ്ടു തന്നെ കയ്യടിപ്പിച്ച മാസ് ഹീറോ. അദ്ദേഹത്തെ ഇന്ന് കാണുന്ന രീതിയിൽ ഉർത്തിയെടുത്ത ചില സിനിമകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ‘ഗില്ലി’. ധരണി സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിൽ വേലു എന്ന കഥാപാത്രമായി വിജയ് കസറിയപ്പോൾ നായികയായി തൃഷയും ഒപ്പം കൂടി. ഇന്നും ടിവിയിൽ വരുമ്പോൾ ഈ സിനിമ ആവർത്തിച്ച് കാണുന്ന പ്രേക്ഷകർക്കൊരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്.
സൂപ്പർ ഹിറ്റ് ചിത്രം ഗില്ലി വീണ്ടും തിയറ്ററിൽ എത്തുന്നു എന്നതാണ് അത്. അതും പുത്തൻ സാങ്കേതിക മികവിൽ ഫേർ കെയിലൂടെ. 2024ൽ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് വിവരം. വരും നാളുകളിൽ റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2004ൽ ആണ് ഗില്ലി റിലീസ് ചെയ്യുന്നത്. 2003ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഒക്കഡുവിന്റെ തമിഴ് റീമേക്ക് ആയിരുന്നു ഇത്. കബഡി പ്രേമിയായ വേലു എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പൊലീസുകാരനായ അച്ഛൻ, അമ്മ, പെങ്ങൾ എന്നിവരടങ്ങിയ കുടുംബമാണ് വേലുവിന്റേത്. അപ്രതീക്ഷിതമായി നായികയെ കണ്ടുമുട്ടുന്നതും അവരുടെ പ്രശ്നം വേലുവിന്റേയും കൂടി പ്രശ്നമായി മാറുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഗില്ലിയുടെ പ്രമേയം.
വിജയിയുടെ സിനിമാ കരിയറിൽ വലിയൊരു മാറ്റം കൊണ്ടുവന്ന സിനിമ കൂടിയാണ് ഗില്ലി. അന്ന് 50 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 50 കോടി ക്ലബ്ബിൽ കയറുന്ന വിജയിയുടെ ആദ്യ സിനിമയാണിതെന്നാണ്. ഗില്ലിയുടെ ബ്ലോക് ബസ്റ്റർ വിജയം, സിനിമാ നിർമ്മാതാക്കളെ വിജയ്‌യിൽ കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് ഒട്ടനവധി സിനിമകൾ വിജയ്ക്ക് ലഭിക്കുകയും ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറാൻ വിജയ്ക്ക് സാധിക്കുകയും ചെയ്തു.