മുംബൈ: സലാർ പാര്‍ട്ട് 1 സീസ് ഫയര്‍ ഡിസംബർ 22 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഡിസംബർ 21 ന് തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്റെ ഡങ്കിയുമായി ക്ലാഷ് വയ്ക്കുന്നു എന്നതാണ് സലാറിന്‍റെ റിലീസിന്‍റെ ഒരു പ്രധാന പ്രത്യകത. അതേ സമയം തങ്ങളുടെ ചിത്രവും ഷാരൂഖ് ചിത്രവും തീയറ്റര്‍ സ്ക്രീനുകള്‍ക്ക് വേണ്ടി മത്സരത്തിലാണ് എന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയാണ് സലാര്‍ നിർമ്മാതാവ് വിജയ് കിർഗന്ദൂർ.
“കാര്യങ്ങള്‍ മോശമാകണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഞങ്ങള്‍ ഇതിനകം വിതരണക്കാരെയും തീയറ്ററുകളെയും കണ്ടു കഴിഞ്ഞു. ഞങ്ങളുടെ ചിത്രം മാത്രം റിലീസ് ആയിരുന്നെങ്കില്‍ ഇംഗ്ലീഷ് ചിത്രം അക്വമാന്‍ ഉണ്ടായാലും 60-70 ശതമാനം ഒക്യുപെന്‍സി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡങ്കികൂടി വന്നതോടെ 50-50 സ്ക്രീനുകള്‍ എന്നതാണ് മികച്ചതായിരിക്കുക. ഇത്തരം ഒരു അവസ്ഥ വന്നാല്‍ ഒക്യുപെന്‍സി 100-90 ശതമാനം ആകും ഇത് ഇരു സിനിമയ്ക്കും ഗുണം ചെയ്യും.
എന്നാല്‍ ഞങ്ങള്‍ക്ക് കൂടുതൽ സ്‌ക്രീനുകൾ ലഭിച്ചാലും ഒക്യുപെൻസി 60 ശതമാനമോ 70 ശതമാനമോ ആയി കുറയും. സലാർ സോളോ റിലീസായാൽ കിട്ടുമായിരുന്ന സ്‌ക്രീനുകളേക്കാൾ കുറച്ച് സ്‌ക്രീനുകൾ ലഭിച്ചാലും കൂടുതൽ ഒക്യുപെൻസി ലഭിക്കണം എന്നതാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. വിദേശ റിലീസില്‍ പോലും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഷോ നന്നായി പോകണം എന്നതാണ് ഇപ്പോഴത്തെ പ്രധാനം, ഇത്തരം പ്രശ്നങ്ങളില്‍ പെടാതെ ഞങ്ങൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍” -ഹോംബാല ഫിലിംസ് ഉടമയായ വിജയ് കിർഗന്ദൂർ പറയുന്നു.
അതേ സമയം ജ്യോതിഷ പ്രകാരമാണ് ഡിസംബർ 22 ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും ഈ അഭിമുഖത്തില്‍ സലാര്‍ നിർമ്മാതാവ് വെളിപ്പെടുത്തി. “ഞങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ തീയതി പ്രഖ്യാപിച്ചത്. ഇത്തരം ചില കാര്യങ്ങള്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. 10-12 വർഷമായി ഞങ്ങൾ തീയതികള്‍ എല്ലാം ഈ രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. ഭാവിയിലും ഞങ്ങൾ അങ്ങനെ ചെയ്യും. അങ്ങനെയാണ് ഞങ്ങൾ ഡിസംബർ 22 ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഡിസംബർ 21 ന് ഡങ്കിയും അക്വാമാനും റിലീസ് പ്രഖ്യാപിച്ചിട്ടും ഞങ്ങള്‍ തീയതി മാറ്റിയില്ല ” വിജയ് കിർഗന്ദൂർ കൂട്ടിച്ചേർത്തു.