കോട്ടയം > ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാൻ പ്രതിപക്ഷ നേതാവ് തയ്യാറാകാത്തതെന്താണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ഒരു നേതാവിനെപ്പോലെയാണ് പ്രതിപക്ഷനേതാവ് ഈ വിഷയത്തിൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിപക്ഷ നേതാവ് നിയന്ത്രിക്കുന്ന, അദ്ദേഹം ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുന്ന വിദ്യാർത്ഥിസംഘടന എന്തുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും അന്യമത വർഗ്ഗീയവൽക്കരണത്തിനെതിരെയും ശബ്ദിക്കാൻ തയ്യാറാകുന്നില്ലയെന്നും മന്ത്രി ചോദിച്ചു.
പഠിക്കുന്ന കുട്ടികളിൽ മത വർഗീയ വിഷം സിലബസുകളിലൂടെ കുത്തിവെക്കാനാണ് ശ്രമിക്കുന്നത്. സാധാരണ ക്ലാസുകൾ മുതൽ ഇന്നത വിദ്യാഭ്യാസ മേഖല വരെ ഇത് കാണാൻ സാധിക്കും. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുവാനുള്ള നീക്കം നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഏറെ വർധിച്ചത്. അതിൽ തന്നെ പ്രധാനമാണ് സർവകലാശാലകളെ പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ടുള്ള നീക്കങ്ങൾ.
രാജ്യത്തിന്റെ ഈ പൊതുവായ അവസ്ഥകൂടി വച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന പല കാര്യങ്ങൾ കൂടിയും ചർച്ച ചെയ്യേണ്ടത്. രോഹിത് വെമുലയുടെ ആത്മഹത്യ മുതൽ മെഡിക്കൽ കമീഷൻ ലോഗോയിൽ അശോകസ്തംഭം ഒഴിവാക്കിയതുൾപ്പെടെയുള്ള ധാരാളം ഉദാഹരണങ്ങളുണ്ട്. രാജ്യത്തെ മികച്ച സർവകലാശാലകളിൽ പ്രഗത്ഭരായ അക്കാദമിക് പണ്ഡിതൻമാർക്ക് പരകം സംഘപരിവാർ വിഷം തുപ്പുന്ന, ആശയങ്ങളെ പിൻപറ്റുന്നവരെയാണ് നിയമിക്കുന്നത്. ജെഎൻയു ഉദാഹരണം. കേരളത്തിലും ഇതിനുള്ള ശ്രമമാണ് നടക്കുന്നത്. ഗവർണറെ ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ ഇവിടെയും വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇത് ഒരിക്കലും അനുവദിക്കില്ല എന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നിലപാടെന്നും ഇതിനെതിരെ കൂട്ടായി തന്നെ പ്രതികരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.