പ്രദർശന വേദികൾ നിറഞ്ഞൊഴുകി ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ആറാം ദിനമായ ഇന്ന് മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്‌ട്രൈപ്സ്’ നിശാഗന്ധിയിൽ അർധരാത്രി പ്രദർശിപ്പിക്കും. മേളയിലെത്തിയ 49 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടെടുപ്പും ഇന്ന് ആരംഭിക്കും.
മലേഷ്യൻ സൈക്കോളജിക്കൽ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സിന്റെ പ്രദർശനമാണ് ഇന്നത്തെ പ്രധാന ആകർഷണം. അമാൻഡ നെൽ യുവിന്റെ ചിത്രം മലേഷ്യയുടെ ഓസ്കാർ പ്രതീക്ഷ കൂടിയാണ്. ഉദ്‌ഘാടന ചിത്രമായ മുഹമ്മദ് കാർഡോഫാനിയുട ഗുഡ് ബൈ ജൂലിയ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും. 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. അതിൽ 49 ചിത്രങ്ങളുടെ അവസാന പ്രദർശനമാണ്.
മലയാള ചിത്രങ്ങളിൽ ആപ്പിൾ ചെടികളുടെ അവസാന പ്രദർശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദർശനവും അദൃശ്യ ജാലകങ്ങൾ ഹോം എന്നിവയുടെ അവസാന പ്രദർശനവും ബുധനാഴ്ചയാണ്. സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തിൽ വനൂരി കഹിയുടെ റഫീക്കിയും മൃണാൽ സെന്നിന്റെ ആൻഡ് ക്വയറ്റ് റോൾസ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഇല്യൂമിനേഷനുമാണ് ഇന്ന് പ്രദർശിപ്പിക്കുക.
വിവിധ രാജ്യങ്ങളിൽ നിന്ന് ഓസ്കാർ എൻട്രി നേടിയ 12 ചിത്രങ്ങളും ഇന്ന് പ്രദർശനത്തിന് എത്തും. പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ 11 മുതൽ ആരംഭിക്കും. സമാപന ദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോട്ടെടുപ്പ്. ഡെലിഗേറ്റുകൾക്ക് അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വോട്ടുചെയ്യാം. മലയാള സിനിമകളായ ഫാമിലിയും തടവും ഉൾപ്പെടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അഭയ ഹിരണ്മയിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി വൈകിട്ട് 7 മണിക്ക് മാനവീയം വീഥിയിൽ അരങ്ങേറും.