ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ. 2.73 ലക്ഷം കോടി രൂപ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. സർക്കാർ കൃഷിക്ക് പ്രധാന പരിഗണന നൽകുന്നതായും ധനമന്ത്രി വ്യക്തമാക്കി. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികൾ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. 5 വൻകിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികൾ കാർഷികാവശ്യങ്ങൾക്കായും ഉപയോഗിക്കും. ഗുണഭോക്താക്കൾ ആയ സംസ്ഥാനങ്ങൾ തമ്മിൽ ധാരണ ആയാൽ പദ്ധതി നടപ്പാക്കും. ജൽജീവൻ മിഷന് 60,000 കോടി വകയിരുത്തും. കർഷകർക്ക് പിന്തുണയേകുവാൻ കിസാൻ ഡ്രോണുകൾ രംഗത്തിറക്കും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പരിഗണന നൽകും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കും.
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കർഷകരെ അനുനയിപ്പിക്കാനായുള്ള വൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.