തിരുവനന്തപുരം> തദ്ദേശവകുപ്പ് സെക്രട്ടറി ശാരദാ മുരളീധരനെ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ വകുപ്പിന്റെയും സെക്രട്ടറി, വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് മെമ്പർ സെക്രട്ടറിയുടെയും പൂർണ അധിക ചുമതലയും ശാരദാമുരളീധരനുണ്ടാകും.
ആസൂത്രണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്‌കുമാറിനെ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഭരണപരിഷ്‌കാര വകുപ്പി(ഒഎൽ)ന്റെ അധികചുമതലയുമുണ്ടാകും. ധനവകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കെ മൊഹമ്മദ് വൈ സഫറുള്ളയെ തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.
രജിസ്‌ട്രേഷൻ വകുപ്പ് ഐജി ഡി മേഘശ്രീയെ എസ്‌ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ട്രൈബൽ റീസെറ്റിൽമെന്റ് ആന്റ് ഡവലപ്‌മെന്റ് മിഷൻ സ്പെഷ്യൽ ഓഫീസറുടെ ചുമതലയുമുണ്ടാകും. ഹൗസിങ് കമീഷണർ അർജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.
മാനന്തവാടി സബ്‌കലക്ടർ ആർ ശ്രീലക്ഷ്‌മിയെ ജിഎസ്‌ടി വകുപ്പ് ജോ. കമീഷണറായി നിയമിച്ചു.
ഫോർട്ട് കൊച്ചി സബ്‌കലക്ടർ പി വിഷ്‌ണുരാജിനെ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ജി പ്രിയങ്ക പ്രസവാവധിയിൽ പോയതിനാൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ, മോണിറ്ററിങ് വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയുമുണ്ടാകും. കോഴിക്കോട് സബ്‌കലക്ടർ ചെൽസസിനിയെ കൊച്ചി കോർപറേഷൻ സെക്രട്ടറിയായി നിയമിച്ചു. ഈ തസ്തിക ഡെപ്യൂട്ടി സെക്രട്ടറിയുടേതിന് തുല്യമാക്കുകയും ചെയ്‌തു.
ദേവികുളം സബ്‌കലക്ടർ രാഹുൽ കൃഷ്‌ണ ശർമയെ ഹൗസിങ് കമീഷണറായി നിയമിച്ചു. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെയും തിരുവനന്തപുരം സ്മാർട്ട്‌സിറ്റി സിഇഒയുടെ അധികചുമതലയുമുണ്ടാകും. ഒറ്റപ്പാലം സബ്‌കലക്ടർ ഡി ധർമലശ്രീയെ ഭൂഗർഭജല വകുപ്പ് ഡയറക്ടറായി നിയമിച്ചു. തീരസംരക്ഷണ മിഷൻ ഡയറക്ടറുടെ അധികചുമതലയുമുണ്ടാകും. പെരിന്തൽമണ്ണ സബ്‌കലക്ടർ ശ്രീധന്യ സുരേഷിനെ രജിസ്ട്രേഷൻ വിഭാഗം ഐജിയായി നിയമിച്ചു. കേരള യൂത്ത്‌ലീഡർഷിപ്പ് അക്കാദമി ഡയറക്ടറുടെ ചുമതലയുമുണ്ടാകും.