ദില്ലി : ആദായ നികുതി സ്ലാബുകളിൽ ഇക്കുറി യാതൊരു മാറ്റവുമില്ല. അതേസമയം ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. പുതിയ രീതിയിൽ നികുതി റിട്ടേൺ സമർപ്പിക്കാൻ നികുതി ദായകർക്ക് രണ്ട് വർഷം വരെ സാവകാശം ലഭിക്കും. അധിക നികുതി നൽകി മാറ്റങ്ങളോടെ റിട്ടേൺ ഫയൽ ചെയ്യാം. നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനും തിരക്കൊഴിവാക്കുന്നതിനുമാണ് ഇതെന്നാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.
വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ആസ്തിയിൽ നിന്നുള്ള വരുമാനത്തിന് മുകളിൽ 30 ശതമാനം നികുതി ഈടാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപ് ആദായ നികുതി ദായകർ ഉറ്റുനോക്കിയത് ആദായ നികുതി പരിധിയിൽ ഇളവുണ്ടാകുമോയെന്നാണ്.
നിലവിൽ 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായി നികുതി നൽകണം. എന്നാൽ റിബേറ്റിന്റെ ആനുകൂല്യം ഇപ്പോൾ നികുതി ദായകർക്ക് ലഭിക്കുന്നുണ്ട്. അതിനാൽ അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നികുതി നൽകുന്നില്ല. പക്ഷെ റിബേറ്റ് ഏത് നിമിഷവും കേന്ദ്രത്തിന് വേണ്ടെന്ന് വെയ്കാമെന്നതിനാൽ തന്നെ ശാശ്വതമായൊരു മാറ്റമാണ് നികുതി ദായകർ ആദായ നികുതിയിൽ ആഗ്രഹിക്കുന്നത്. അദായ നികുതി റിബേറ്റ് സംബന്ധിച്ച് ഇക്കുറി ബജറ്റിൽ പരാമർശിച്ചിട്ടില്ലെങ്കിൽ പ്രതിമാസം 21000 രൂപയ്ക്ക് മുകളിൽ വേതനം പറ്റുന്ന എല്ലാവരും നികുതിയടക്കേണ്ടി വരും. നിലവിൽ ആദായ നികുതിയിലെ സ്റ്റാന്റേർഡ് ഡിഡക്ഷൻ 50,000 രൂപയാണ്. നാണയപ്പെരുപ്പവും കൊവിഡ് പ്രതിസന്ധിയുമെല്ലാം കണക്കാക്കുമ്പോൾ ഡിഡക്ഷൻ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇത് ഒരു ലക്ഷമായെങ്കിലും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഇക്കുറി കേന്ദ്രബജറ്റിൽ ഈ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്.കഴിഞ്ഞ കേന്ദ്ര ബജറ്റിൽ നികുതി ഘടന പരിഷ്കരിച്ചിരുന്നില്ല. എന്നാൽ പുതിയ നികുതി ഘടന ഉൾപ്പെടുത്തുകയും ചെയ്തു. എല്ലാ ഇളവുകളും വേണ്ടെന്ന് വെച്ചാൽ നികുതി നിരക്ക് കുറയുന്ന പുതിയ ഘടനയാണ് അവതരിപ്പിച്ചത്. സമ്പന്നർക്കായിരുന്നു ഇതിന്റെ നേട്ടമെങ്കിലും നികുതി ദായകരിൽ പത്ത് ശതമാനം പേർ പോലും ഈ പുതിയ ഘടനയെ സ്വീകരിച്ചില്ല. അതിനാൽ തന്നെ പുതിയ ടാക്സ് റെജിം പിൻവലിച്ച് പുതിയ ടാക്സ് സ്ലാബ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന നികുതി പരിധി അഞ്ച് ലക്ഷമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൊവിഡിന്റെ പ്രതിസന്ധിയിൽ ജനം നട്ടംതിരിയുന്ന ഈ ഘട്ടത്തിലെങ്കിലും കേന്ദ്രസർക്കാർ ആ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.