ദില്ലി : രാജ്യത്തെ വനിതകളൾക്കും കുട്ടികൾക്കും കൂടുതൽ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതികളായ മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അംഗൻവാടി, പോഷൻ 2.0 എന്നീ സർക്കാർ പദ്ധതികൾ നവീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. കൊവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളെ മാനസിക സമ്മർദ്ദത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മാനസികാരോഗ്യ കൗൺസിലിംഗിനും മറ്റ് സേവനങ്ങൾക്കുമായി ദേശീയ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാം ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിംഹാൻസിന്റെ നേതൃത്വത്തിൽ 23 ടെലി മെന്റൽ ഹെൽത്ത് സെന്ററുകളാണ് ആരംഭിക്കുക.
കൂടാതെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളുടെ വികസനത്തിനായി പ്രധാന മന്ത്രിയുടെ വികസന പദ്ധതികൾ നോർത്ത് ഈസ്റ്റേൺ കൗൺസിലിലൂടെ നടപ്പിലാക്കും. ഇത് പ്രദേശത്തെ യുവാക്കളുടെ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാൻ സഹായിക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.