പാലക്കാട്: ഇന്ത്യ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസ് ഭരണത്തിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോഴാണ് ഡല്‍ഹിയില്‍ ഇസ്രയേലിന് എംബസി തുടങ്ങാന്‍ അനുമതി നല്‍കിയത്. പലസ്തീനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഇസ്രയേലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ അത് ഇല്ലാതായി.
ചേരിചേരാ നയത്തില്‍നിന്ന് മാറി അമേരിക്കക്കും ഇസ്രയേലിനും ഒപ്പം ചേര്‍ന്ന് പോകുന്ന നിലപാടിന് തുടക്കമിട്ടത് കോണ്‍ഗ്രസാണ്. സിപിഐ എം ജില്ലാ കമ്മിറ്റി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ഹൃദയവികാരമായിരുന്ന പലസ്തീനെ അമേരിക്കയുമായുള്ള ചങ്ങാത്തത്തില്‍ ബിജെപി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. പലസ്തീന്‍ ജനതയെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാനാണ് ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ഒരു വര്‍ഷത്തില്‍ പ്രയോഗിച്ചത്ര എണ്ണം ബോംബുകളാണ് ഒരാഴ്ചയില്‍ ഗാസയില്‍ പ്രയോഗിച്ചത്. പലായനം ചെയ്യുമ്പോഴും പിന്നാലെച്ചെന്ന് ബോംബിടുന്നു. അഭയകേന്ദ്രങ്ങളും ആശുപത്രികളും തകര്‍ക്കുന്നു. കൊല്ലപ്പെട്ട 18,000 ത്തോളം ആളുകളില്‍ ഏഴായിരത്തോളം കുട്ടികളാണ്. ചികിത്സിക്കാന്‍ സാധിക്കുന്നില്ല. ഭക്ഷണമില്ല. വെള്ളമില്ല.
പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളില്‍ എല്ലാവരും പങ്കാളികളാകണമെന്നാണ് സിപിഐ എം അഭിപ്രായം. ക്ഷണിച്ചാല്‍ വരുമെന്ന് പറഞ്ഞ മുസ്ലീം ലീഗിനെ കോഴിക്കോട് റാലിയില്‍ വിളിച്ചപ്പോള്‍ കോണ്‍ഗ്രസ് തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ റാലി നടത്തിയപ്പോള്‍ നടപടിക്ക് തുനിഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ റാലി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല. കര്‍ണാടകയില്‍ നിരോധിച്ചു. കക്ഷി രാഷ്ട്രീയ വിത്യാസമില്ലാതെ ഉയരേണ്ടതാണ് പലസ്തീനായുള്ള ഐക്യദാര്‍ഢ്യമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.