കോട്ടയം> ശബരിമല സന്നിധാനത്ത് ചിലർ തമ്പടിച്ച് കൃത്രിമ തിരക്കുണ്ടാക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേക ലോബിയുണ്ടോയെന്ന് സംശയമുണ്ടെന്നും മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞു. തിരക്കാണെന്ന് വാർത്തയുണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.
തിരക്ക് ഇപ്പോൾ മാത്രമല്ല; മുമ്പും ഉണ്ടായിട്ടുണ്ട്. 2015 – 16 ൽ ഇതിലും വലിയ തിരക്കായിരുന്നു. ശബരിമലയിൽ തിരക്കാണെന്നു വരുത്തിത്തീർത്തു സർക്കാരിനെ കരിവാരിതേക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ തിരക്കുള്ളതായി കാണിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുകയും അവസ്ഥ മോശമാക്കാൻ ഇനിയും തിരക്കുണ്ടാക്കുകയും ചെയ്യുകയാണ് ചിലർ .
മലകയറുന്നവരെ ദർശനവും നെയ്യഭിഷേകവും കഴിഞ്ഞാലുടൻ തിരിച്ചിറക്കണമെന്നും നവകേരള സദസ്സിന്റെ പ്രഭാതയോഗത്തിനെത്തിയ അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്നതിൽ തർക്കമില്ല. എന്നാൽ ഇതിനെ രാഷ്‌ട്രീയ വിഷയമായി കാണരുത്. സംസ്ഥാന സർക്കാരിന് അവിടുത്തെ റോഡ് വീതികൂട്ടാനോ കൂടുതൽ സ്ഥലം ഉപയോഗിക്കാനോ കഴിയില്ല. വനഭൂമിയാണ് ചുറ്റും. ഒരിഞ്ചു ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിവേണം. അവിടേക്ക് ബസില്ലെന്ന് ചിലർ പറയുന്നത് കേട്ടു. പിന്നെ അവിടെയെത്തിയവരെല്ലാം നടന്നുവന്നവരാണോയെന്നും ശങ്കരൻ നമ്പൂതിരി ചോദിച്ചു. ചില നിർദേശങ്ങൾ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.