ദില്ലി: പാര്‍ലമെന്‍റ് അതിക്രമക്കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും മൗനം പാലിച്ച് സര്‍ക്കാര്‍. അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും ലോക് സഭയും രാജ്യസഭയും സ്തംഭിച്ചു. അക്രമികള്‍ക്ക് പാസ് നല്‍കിയ എംപിയോട് പരസ്യം പ്രതികരണം വേണ്ടെന്ന് ബിജെപി നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ നടുക്കിയ പാര്‍ലമെന്‍റ് അതിക്രമത്തില്‍ പാര്‍ലമെന്‍റിനുള്ളില്‍ ഇഥുവരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ഒഴുക്കന്‍ മട്ടില്‍ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ പറഞ്ഞതല്ലാതെ സര്‍ക്കാര്‍ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. പഴയ മന്ദിരത്തിലെ സുരക്ഷ വീഴ്ച ഓര്‍മ്മപ്പെടുത്തി ഇത് വലിയ സംഭവമല്ലെന്നാണ് മന്ത്രിമാര്‍ ന്യായീകരിക്കുന്നത്. സ്വകാര്യ ചാനലിനോട് വീഴ്ച സമ്മതിച്ച അമിത് ഷാ പക്ഷേ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ തയ്യാറല്ല. പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ ഇളകി മറിയുമ്പോള്‍ ഇന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയാണ് നരേന്ദ്ര മോദിയും, അമിത് ഷായും. ഇരുസഭകളും തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. സ്പീക്കറുടെ അടുത്തേക്ക് പ്ലക്കാര്‍ഡുകളുമായി എംപിമാര്‍ പാഞ്ഞടുത്തതോടെ സെക്കന്‍റുകള്‍ക്കുള്ളില്‍ ലോക് സഭ പിരിഞ്ഞു.
പ്രതിഷേധം കടുപ്പിച്ച എംപിമാര്‍ പാര്‍ലമെന്‍റ് കവാടത്തിലും കുത്തിയിരുന്നു. സര്‍ക്കാരിന്‍റെ വീഴ്ച മറച്ചുവയക്കാനാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തതെന്നും, പാസ് നല്‍കിയ എംപിയെ സംരക്ഷിക്കുകയാണെന്നും കനിമൊഴി പറഞ്ഞു. അക്രമികള്‍ക്ക് പാസ് നല്‍കിയ മൈസൂരു എംപി പ്രതാപ് സിംഹ പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും കണ്ണ് വെട്ടിച്ച് നടക്കുകയാണ്. എംപിയുടെ ഔദ്യോഗിക വസതി അടഞ്ഞു കിടക്കുകയാണ്. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാര്‍ട്ടിയോ സര്‍ക്കാരോ എംപിയില്‍ നിന്ന് വിശദീകരണം തേടിയതായും വിവരമില്ല.
അതേ സമയം, പ്രതികള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന ആക്ഷേപം പാര്‍ലമെന്‍റിന് പുറത്ത് ബിജെപി പ്രചരിപ്പിക്കുകയാണ്. അക്രമങ്ങളുടെ സൂത്രധാരനനെന്ന് പൊലീസ് പറയുന്ന ലളിത് ഝാ തൃണമൂല്‍ എംപി സുദീപ് സെന്നുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ബിജെപി പുറത്ത് വിട്ടു. നീലം ശര്‍മ്മ കോണ്‍ഗ്രസുകാരിയാണെന്നും മറ്റൊരു പ്രതിയായ അമോല്‍ ഷിന്‍ഡേക്കായി ഹാജരാകാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്ന അഭിഭാഷകന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്നുമാണ് വാദം.