കൊച്ചി: വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം താന്‍ വാങ്ങിയിട്ടില്ലെന്നും മകള്‍ വിവാഹം കഴിക്കുമ്പോള്‍ അങ്ങനെയൊരു കാര്യം ഉണ്ടാകില്ലെന്നും നടന്‍ മോഹന്‍ലാല്‍. അടുത്തതായി ഇറങ്ങാന്‍ പോകുന്ന മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം നേരിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്.ഒരുപാട് സിനിമകളില്‍ സ്ത്രീധനത്തിനെതിരെ പ്രതികരിച്ച തന്‍റെയുള്ളില്‍ ഇത്തരം കാര്യങ്ങള്‍ എന്നും സംഘര്‍ഷം ഉണ്ടാക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. നേര് എന്ന ചിത്രം സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ സ്ത്രീധനം എന്ന സമ്പ്രദായത്തോട് എന്താണ് അഭിപ്രായം എന്ന ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. ‘‘ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല, അത് ശരിയല്ലെന്നാണ് അഭിപ്രായം” എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
‘ഒരുപാട് സിനിമയിൽ ഇതിനെതിരെ പറയുന്ന ഒരാളെന്ന നിലയ്ക്ക് ഉള്ളിൽ ഒരു സംഘർഷം ഉണ്ടല്ലോ. ഒരു നടൻ എന്ന നിലയില്‍ ഇത്തരം കാര്യം കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും” -മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം നേരിലൂടെ വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം എത്തുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്.