കൽപ്പറ്റ> വാകേരി കൂടല്ലൂരിൽ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയ്‌ക്കായുള്ള തിരച്ചിൽ ഒരാഴ്‌ച പിന്നിട്ടു. ഏഴ് ദിവസത്തെ തിരച്ചിലിലും വെടിവയ്‌ക്കാനുള്ള സാഹചര്യത്തിൽ കടുവയെ വനപാലകർക്ക് കണ്ടെത്താനായില്ല. വനംവകുപ്പ് സ്ഥാപിച്ച ലൈവ് കാമറകളിലുൾപ്പെടെ ദൃശ്യങ്ങളുണ്ട്. കൂടുകളിലും കയറാതെ പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്. കുങ്കി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ വെള്ളിയാഴ്‌ച തുടങ്ങി. കൂടുതൽ നൈറ്റ് കാമറകളും സ്ഥാപിച്ചു. പ്രത്യേക ദൗത്യസംഘവും രാപകൽ തിരയുന്നുണ്ട്.
ഒരിടത്ത് നിൽക്കാതെ കടുവ തോട്ടങ്ങളിലൂടെ മാറിമാറി സഞ്ചരിക്കുകയാണ്. സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കാൽപ്പാടുകളും ലഭിക്കുന്നുണ്ട്. ഡ്രോണിന്റെ സഹായത്തോടെയും പിന്തുടരുന്നു. രാത്രിയിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയുണ്ട്. കൂടിന്റെ പരിസരങ്ങളിൽ കടുവ എത്തുന്നുണ്ടെങ്കിലും കയറുന്നില്ല. കൂടിനടുത്തുള്ള രാത്രിയിലെ ദൃശ്യങ്ങൾ കാമറയിൽ കൂടുതൽ വ്യക്തമാകുന്നതിനായി ലൈറ്റുകളും സ്ഥാപിച്ചു.