ദില്ലി : മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും ബജറ്റില്‍ അവഗണിച്ചെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥ വിഭാഗത്തിനും മധ്യവർഗ്ഗത്തിനും പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തൊഴിലില്ലായ്മയും പണപ്പെരുപ്പവും തകർത്ത സാധാരണക്കാർക്ക് ബജറ്റിൽ ഒന്നുമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പെഗാസസിലൂടെ കറങ്ങുന്ന ബജറ്റ് എന്നാണ് മമത ബജറ്റിനെ വിശേഷിപ്പിച്ചത്.
കേന്ദ്ര ബജറ്റ് 2022 നെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദീർഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.