മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സോളാർ ഉപകരണ നിർമാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 9 പേർ മരിച്ചതായി റിപ്പോർട്ട്. നാഗ്പൂരിലെ ബസാർഗാവ് ഗ്രാമത്തിലാണ് സംഭവം. സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയുടെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്കിംഗ് ജോലിക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് നാഗ്പൂർ (റൂറൽ) പൊലീസ് സൂപ്രണ്ട് ഹർഷ് പൊദ്ദാർ പറഞ്ഞു.
സ്‌ഫോടനത്തിൽ കമ്പനിയുടെ ഭിത്തി തകർന്നതായാണ് വിവരം. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേരെ ഗുരുതരാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണെന്നും നാഗ്പൂർ എസ്പി (റൂറൽ) വ്യക്തമാക്കി. അതേസമയം, എത്ര പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.