തൃശൂര്‍: റഷ്യക്കാരിയായ ഡിയാന മലയാളത്തിന്റെ മരുമകളായി. ഞായര്‍ രാവിലെ ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മലയാളിയായ വിപിന്‍ താലി ചാര്‍ത്തിയതോടെയാണ് മോസ്‌കോ സ്വദേശിയായ ഡിയാന കേരളത്തിന്റെ മരുമകളായത്. ചേറൂര്‍ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകന്‍ വിപിനും മോസ്‌കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകള്‍ ഡിയാനയുമാണ് മതവും രാജ്യവും വേര്‍തിരിക്കാത്ത പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഡിയാനയുടെ ബന്ധുക്കളായ 15 പേരും
ചടങ്ങില്‍ സംബന്ധിച്ചു. കേരളീയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വധുവും കേരളീയ വേഷത്തിലായിരുന്നു. മോഡലും ചലച്ചിത്ര നടിയും യോഗ പരിശീലകയുമായ
ഡിയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റന്‍ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. കലയിലും ആയോധനകലകളിലും സമാനമായ താല്‍പ്പര്യങ്ങളുള്ള വിപിനും ഡിയാനയും ഏഴു വര്‍ഷം മുമ്പ് ഒരു സാംസ്‌കാരിക പരിപാടിയില്‍ വച്ചാണ് പരിചയപ്പെടുന്നത്. മോസ്‌കോയിലും ഇന്ത്യയിലുമായിട്ടാണ് ഡിയാന ഭരതനാട്യവും മറ്റും പഠിച്ചത്. മോസ്‌കോയില്‍ പഠിപ്പിക്കുന്നുമുണ്ട്. കേരളത്തെയും കേരളത്തിന്റെ സാംസ്‌കാരിക കലാസവിശേഷതകളെയും ഏറെ ഇഷ്ടപ്പെടുന്ന ഡിയാനയ്ക്ക് കേരളീയ ഭക്ഷണവും പ്രിയപ്പെട്ടതാണ്.
മലയാളം, തമിഴ്, ഹിന്ദി ഭാഷകള്‍ കുറച്ച് അറിയാം. ഡിയാന അഭിനയിച്ച മോഹന്‍ലാല്‍ സിനിമ വാലിബന്‍ ജനുവരിയില്‍ റിലീസാവും. നേരത്തെ ശീമാട്ടിക്കുവേണ്ടി മോഡലായിട്ടുണ്ട്. മുംബൈയില്‍ വെല്‍നെസ് കേന്ദ്രത്തില്‍ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിന്‍. അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ എം.ആര്‍. നായരുടെ ചെറുമകനുമാണ്. പെരിങ്ങാവ് ചാക്കോളാസ് പലസുവില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ വധൂവരന്മാര്‍ പരസ്പരം മോതിരം കൈമാറി. മാലകളണിഞ്ഞു. വാദ്യഘോഷത്തോടെയായിരുന്നു ചടങ്ങുകള്‍. തൃശൂരിന്റെ മരുമകളായ ഡിയാനയെയും വിപിനെയും അനുഗ്രഹിക്കാനായി ഒട്ടേറെ പേരെത്തി.