തിരുവനന്തപുരം: കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. പാചക തൊഴിലാളികള്‍ക്ക് പ്രതിമാസം നല്‍കുന്ന വേതനം സംബന്ധിച്ചാണ് കണക്കുകള്‍ നിരത്തി കൊണ്ടുള്ള മന്ത്രിയുടെ മറുപടി. ഓരോ സംസ്ഥാനവും എത്ര തുക പ്രതിമാസം പാചകത്തൊഴിലാളികള്‍ക്ക് നല്‍കുന്നു എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട രേഖകള്‍ പ്രകാരമാണ് മന്ത്രിയുടെ പ്രതികരണം.
പാചക തൊഴിലാളികള്‍ക്ക് കേരളം പ്രതിമാസം നല്‍കുന്നത് 12,000 രൂപയാണ് എന്നാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും 12,000 മുതല്‍ 13,500 രൂപ വരെ കേരളം നല്‍കുന്നുണ്ട്. തമിഴ്‌നാട് മാത്രമാണ് കേരളത്തിന്റെ വേതന നിരക്കിനോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 2,500 രൂപയും ഉത്തര്‍പ്രദേശില്‍ 2,000 രൂപയുമാണ്. ആം ആദ്മി ഭരിക്കുന്ന പഞ്ചാബില്‍ 3,000 രൂപയും ഡല്‍ഹിയില്‍ 1,000 രൂപയുമാണ് നല്‍കുന്നതെന്ന് ശിവന്‍കുട്ടി അറിയിച്ചു.