ദില്ലി: ബജറ്റിനെ ജനം സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടുവെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ബജറ്റ് അവതരണത്തിന് ശേഷം ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ പർവ്വത മേഖലകൾക്കായി പ്രഖ്യാപിച്ച പർവത് മാല പദ്ധതി മേഖലയിൽ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും അതിർത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുന്നുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഗംഗാ നദീ തീരത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കർഷകരുടെ ക്ഷേമത്തിനായി വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാ തീരത്തെ കൃഷി രീതിയിൽ മാറ്റം വരുന്നതോടെ ഗംഗ വിഷമുക്തമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ബുധനാഴ്ച രാവിലെ 11 മണിക്ക് ബജറ്റിനെക്കുറിച്ച് വിശദമായി സംസാരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.