ഗാന്ധിനഗർ: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ 18 മണിക്കൂർ പിന്നിടുമ്പോൾ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികതൃർ. നിലവിൽ വെന്റിലേറ്ററിലാണ്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലാണ്. മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചു തുടങ്ങിയതായും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ 20 ശതമാനം മാത്രമായിരുന്നു രക്തസമ്മർദ്ദം. ഇതാണ് ഇപ്പോൾ സാധാരണ നിലയിലായത്. സുരേഷിന്റെ ചികിത്സക്ക് ആവശ്യമായ മുഴുവൻ ചെലവുകളും സർക്കാറും ആശുപത്രി വികസന സമിതിയും വഹിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു. നല്ല പരിചരണവും ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.