ഇദാഹോ: സ്വവസതിയ്ക്കുള്ളിൽ അതിക്രൂരമായി 84കാരി കൊല്ലപ്പെട്ട സംഭവത്തിൽ 28 വർഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി. 1995 ഓഗസ്റ്റ് 10 ന് അമേരിക്കയിലെ ഇദാഹോയിലെ വയോധികയുടെ കൊലക്കേസാണ് 28 വർഷത്തിന് ശേഷം പൊലീസ് പരിഹരിക്കുന്നത്. വിൽമ മോബ്ലി എന്ന 84കാരിയാണ് വീടിനുള്ളിൽ വച്ച് ശ്വാസം മുട്ടിച്ചും കൈക്കോടാലി കൊണ്ടുള്ള ആക്രമണത്തിലും കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ഡാനി ലീ കെന്നിസണ്‍ അടക്കം മൂന്ന് പേരെയായിരുന്നു പൊലീസ് സംശയത്തിന്റെ നിഴലിൽ നിർത്തിയത്. എന്നാൽ 2001ൽ ഡാനി ലീ കെന്നിസണ്‍ ജീവനൊടുക്കിയിരുന്നു.
കൊലപാതകം നടന്ന് വർഷങ്ങൾ കഴിഞ്ഞതോടെ അന്വേഷണത്തിന്റെ ഊർജ്ജം കുറയുകയും സംശയത്തിന് സാധുത നൽകുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാവാതെ വരികയും ചെയ്തിരുന്നു. അടുത്തിടെയാണ് ലോക്കൽ പൊലീസ് കേസിൽ എഫ്ബിഐയുടെ സഹായം തേടിയത്. ഇദാഹോ പൊലീസ് ഫൊറന്‍സിക് സംഘം സൂക്ഷിച്ചിരുന്ന തെളിവുകൾ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് ഡാനി ലീ കെന്നിസണ്‍ തന്നെയാണ് വിൽമയെ കൊന്നതെന്ന് കണ്ടെത്തിയത്. വിൽമയുടെ അടിവസ്ത്രങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ ഡാനി ലീ കെന്നിസന്‍റേതുമായി മാച്ചായതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്.
ഒരു ദശാബ്ദത്തിനിപ്പുറം നടന്ന ശാസ്ത്രീയ പരിശോധനകളാണ് വിൽമയുടെ കൊലപാതക കേസ് അവസാനിപ്പിക്കാന്‍ പൊലീസിന് സഹായകരമായത്. 2022ൽ ക്ലിന്‍റണ്‍ വാഗ്നെർ എന്ന ഉദ്യോഗസ്ഥനാണ് കേസ് വിവിധ വകുപ്പുകളുമായി ചേർന്ന് അന്വേഷിക്കാന്‍ മുന്‍കൈ എടുത്തത്. മുന്‍ കാലത്തില്‍ നിന്ന് വിഭിന്നമായി വിശദമായ ഡിഎന്‍എ പരിശോധനയാണ് സാംപിളുകളിൽ നടത്തിയത്. തിങ്കളാഴ്ചയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കിയത്. കേസിൽ സംശയത്തിന്റെ നിഴലിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും ആശ്വാസകരമാവുന്നതാണ് നടപടി. വിൽമയുടെ കുടുംബാംഗങ്ങളെ പൊലീസ് കേസിന്റെ വിവരം അറിയിച്ചതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചത്. ഇദാഹോയിലെ തെക്കന്‍ മേഖലയിലുള്ള ജെറോം നഗരത്തിലായിരുന്നു വിൽമ താമസിച്ചിരുന്നത്.