കൊച്ചി: ക്രിസ്തുമസിന് സിനഡ് കുര്‍ബാന ചൊല്ലണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതക്ക് ആർച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്ത്. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷക് ബോസ്കോ പുത്തൂരും സർക്കുലർ പുറപ്പെടുവിച്ചു. സിനഡ് കുർബാന ചൊല്ലണമെന്ന മാർപ്പാപ്പയുടെ സന്ദേശം എല്ലാവരും പിന്തുടരണമെന്നാണ് ആര്‍ച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്തിൽ ആവശ്യപ്പെടുന്നത്. സഭയുടെ ഐക്യത്തിന് കൂടി ഇത് പ്രധാനപ്പെട്ടതാണ്. അതിരൂപതയിലെ കാര്യങ്ങൾ വിശദമായി പഠിച്ചാണ് ഡിസംബര്‍ ഏഴിന് മാർപ്പാപ്പ വ്യക്തമായ നിർദേശം നൽകിയതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്തുമസ് ദിനം മുതൽ അതിരൂപതയിലെ മുഴുവൻ പള്ളികളിലും സിനഡ് കുർബാന അർപ്പിക്കണമെന്ന് സഭ നേരത്തെ നിർദേശം നൽകിയിരുന്നു. ക്രിസ്തുമസിന് അതിരൂപതയിൽ സിനഡ് കുർബാന ചൊല്ലാൻ എല്ലാ വൈദികരും തയ്യാറാകണമെന്ന് ബിഷപ് ബോസ്കോ പുത്തൂരിന്റെ സര്‍ക്കുലറിൽ ആവശ്യപ്പെടുന്നു. സഭയും മാർപ്പാപ്പയും അതാണ് ആഗ്രഹിക്കുന്നത്. അതിരൂപതയിൽ സമാധാന അന്തരീക്ഷം തുടരാനാണ് ആഗ്രഹിക്കുന്നത്. അടഞ്ഞുകടിക്കുന്ന സെന്റ് മേരീസ് ബസലിക്ക അടക്കമുള്ളവ തുറന്ന് ആരാധന നടത്താനുളള സൗകര്യം ഒരുക്കണമെന്നും അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ സര്‍ക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.