ശബരിമല > മണ്ഡലകാലത്ത് ശനിയാഴ്ച വരെ ശബരിമലയിൽ 25,69,671 തീർഥാടകർ ദർശനത്തിനെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മണ്ഡലപൂജയുമായി ബന്ധപ്പെട്ട് സമയക്രമീകരങ്ങളും ഒരുക്കങ്ങളും വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്പോട്ട് ബുക്കിങ് നിലവിൽ ദിവസവും 10,000 എന്ന ക്രമത്തിൽ തുടരുകയാണ്. 15,000 വരെയാക്കണമെങ്കിൽ ദേവസ്വം ബോർഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ ജനുവരി മുതൽ സ്പോട്ട് ബുക്കിങ്ങിനുള്ള പരിധി 15,000 ആക്കണമോ എന്ന് സർക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. വെർച്വൽ ക്യൂ ബുക്കിങ് ചൊവ്വാഴ്ച 64,000വും മണ്ഡലപൂജാ ദിവസമായ ബുധനാഴ്ച 70,000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ വീണ്ടും 80,000 ആകും. ശനിയാഴ്ച 97,000ൽ അധികം പേർ ശബരിമല ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ശനിയാഴ്ച പുറപ്പെട്ട തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ചൊവ്വ പകൽ 1.30ന് പമ്പയിലെത്തും. ഘോഷയാത്രക്ക് പമ്പയിൽ സ്വീകരണം നൽകും. വിശ്രമത്തിന് ശേഷം തുടരുന്ന യാത്ര വൈകിട്ട് 5.15ന് ശരംകുത്തിയിലെത്തും. അവിടെ തങ്കയങ്കി ഘോഷയാത്രക്ക് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായ സ്വീകരണം നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാർ, പിആർഒ സുനിൽ അരുമാനൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
7 ദിവസം; 5 ലക്ഷം തീർഥാടകർ
മണ്ഡകാലം അവസാനിക്കാനിരിക്കെ ശബരിമലയിൽ ദർശനത്തിനായി എത്തിയത് ലക്ഷങ്ങൾ. കഴിഞ്ഞ ഏഴ് ദിവസത്തിൽ ശബരിമലയിൽ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തിൽ അധികം തീർഥാടകർ. തിങ്കളാഴ്ച മുതൽ ഞായർ വൈകിട്ട് അഞ്ച് വരെ 4,87,665 പേരാണ് പമ്പയിൽ നിന്ന് മാത്രം ശബരിമലയിൽ എത്തി ദർശനം നടത്തിയത്. പുല്ലുമേട് വഴി നടന്ന് എത്തുന്ന തീർഥാടകരുടെ എണ്ണം കൂട്ടാതെയുള്ള കണക്കാണിത്.
പുല്ലുമേട് വഴി
നേരിട്ട് എത്തുന്നവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ ആകെ എത്തിയവരുടെ എണ്ണം അഞ്ച് ലക്ഷത്തിലും അധികമാകും. പുല്ലുമേട് വഴി എത്തുന്ന തീർഥാടകരുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ദിനവും 4,000ൽ അധികം തീർഥാടകരാണ് പരമ്പരാഗത കാനന പാതയിലൂടെ സന്നിധാനത്ത് എത്തുന്നു.
തിങ്കൾ 88,054, ചൊവ്വ 68,970, ബുധൻ 69,588, വ്യാഴം 67,615, വെള്ളി 73,200, ശനി 66,281 എന്നിങ്ങനെയാണ് പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തിയവരുടെ എണ്ണം. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെ 53,957 പേരും പമ്പയിൽ നിന്ന് മല ചവിട്ടി.