ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഇസ്രായേൽ എംബസിക്ക് സമീപം പൊട്ടിത്തെറിയുണ്ടായതായുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ യാത്രചെയ്യുന്ന ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. എംബസിക്ക് സമീപത്തുനിന്ന് കേട്ട ‘സ്ഫോടന ശബ്ദം’ ഭീകരാക്രമണമായേക്കാമെന്ന സംശയത്തെ തുടർന്നാണ് ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പുമായി എത്തിയത്.
പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു. മാളുകളിലും ആൾക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പൊതു സ്ഥലങ്ങളിൽ (റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പബ്ബുകൾ ഉൾപ്പെടെ) അതീവ ജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമല്ലാത്ത വലിയ പരിപാടികളിൽ പങ്കെടുക്കാതിരിക്കുക, യാത്രാവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കുക, തത്സമയം സന്ദർശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും ഒഴിവാക്കുക എന്നിങ്ങനെയാണ് മറ്റ് നിർദ്ദേശങ്ങൾ.
“വൈകിട്ട് 5:48 ഓടെ എംബസിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായതെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും. ഡൽഹി പൊലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്.” -ഇസ്രായേൽ എംബസി വക്താവ് ഗൈ നിർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രദേശത്ത് നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോൺകോൾ ലഭിച്ചുവെന്ന് ഡൽഹി പൊലീസും സ്ഥിരീകരിച്ചിരുന്നു. എംബസിക്ക് സമീപത്ത് നിന്ന് വലിയ ശബ്ദം കേട്ടുവെന്നാണ് പ്രദേശത്തെ ജനങ്ങൾ പറയുന്നത്. ഫയർഫോഴ്സിന്റെ അറിയിപ്പ് പ്രകാരം കൺട്രോൾ റൂമിലാണ് ഫോൺകോൾ ആദ്യമെത്തിയത്. ഫോൺകോൾ ലഭിച്ച വിവരം ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് സ്ഥിരീകരിച്ചു. പ്രദേശത്ത് പരിശോധന നടത്തുകയാണെന്നും ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഡൽഹി പൊലീസും ഫയർഫോഴ്സും അറിയിച്ചു.
ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപംവലിയ ശബ്ദം കേട്ടതായി ഇസ്രായേൽ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എംബസി ജീവനക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. വലിയ ശബ്ദം എംബസിക്ക് സമീപത്ത് നിന്ന് കേട്ടതായി ജീവനക്കാരും പ്രതികരിച്ചു.