ദില്ലി: ഹരിത ദേശീയപാത നയത്തിന് കീഴിലുള്ള പദ്ധതികളുടെ പൂർണ വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത – ദേശീയപാത മന്ത്രി നിധിൻ ഗഡ്ഗരി രാജ്യസഭയിൽ വച്ചു. ഇടനാഴികളുടെ ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള 2015 ലെ ഹരിത ദേശീയപാത ( തൈനടീൽ, മാറ്റിവയ്ക്കൽ, സൗന്ദര്യവൽക്കരണം, പാലനം ) നയം രാജ്യത്തെ എല്ലാ ദേശീയപാതകളെയും ഉൾക്കൊള്ളുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹരിത ദേശീയപാത നയത്തിന് കീഴിൽ 2021 ഡിസംബർ വരെ 51,178 കിലോമീറ്റർ ദൂരം വരുന്ന 869 ദേശീയപാത പദ്ധതികളിലായി 244.68 ലക്ഷം തൈകളാണ് നട്ടത്. നടീലിന്റെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങളും അദ്ദേഹം രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. കേരളത്തിൽ 559.544 കിലോമീറ്റർ ദൂരം വരുന്ന 17 പദ്ധതികളിലായി 0.68 ലക്ഷം തൈകളാണ് നട്ടത്.