കോഴിക്കോട്: എത്ര പ്രമുഖരെ അണിനിരത്തിയാലും കേരളത്തിൽ ബി.ജെ.പി പച്ച തൊടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പതിനെട്ടാം ലോക്സഭസഭയിലേക്ക് ഒരംഗത്തെ പോലും ഡൽഹിക്ക് അയക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല. മോദി കേരളത്തിൽ വന്നോട്ടെ എന്നും മോദി ക ഗ്യാരന്‍റി പറഞ്ഞ് തൃപ്തി അടയട്ടെ എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.മോദിയുടെ ഒച്ച പോകുന്നതല്ലാതെ കേരളത്തിൽ ഒരു റിസൽട്ടും ഉണ്ടാക്കില്ല. വെറുതെ സമയം കളയുകയാണ്. തൃശൂർ എടുത്താൽ പിന്നെ നമ്മൾ സഞ്ചരിക്കുമ്പോൾ തൃശൂർ വേണ്ടെയെന്നും മുരളീധരൻ പരിഹസിച്ചു.പ്രധാനമന്ത്രി വിളിച്ച ചടങ്ങിലേക്ക് കുറേ സ്ത്രീകൾ പോയിട്ടുണ്ട്. പിണറായി വിളിക്കുന്ന ചടങ്ങിലേക്കും സ്ത്രീകൾ പോകാറുണ്ട്. അധികാരമുണ്ടെങ്കിൽ കോൺഗ്രസ് വിളിക്കുന്ന ചടങ്ങിലേക്ക് ആളുകൾ വരും. അങ്ങനെ ഉള്ളവരെ ബി.ജെ.പി വോട്ടായി കണക്ക് കൂട്ടേണ്ട.
നടി ശോഭന അടക്കം സ്വതന്ത്രമായി തീരുമാനം എടുക്കാൻ അധികാരമുള്ളവരാണ് മോദിയുടെ പരിപാടിയിൽ പങ്കെടുത്തത്. എത്ര നടന്മാരെയും ക്രിക്കറ്റ് താരങ്ങളെയും ഗായകരെയും ബിസിനസുകാരെയും അണിനിരത്തിയാലും കേരളത്തിൽ ബി.ജെ.പി പച്ച തൊടില്ലെന്നും മുരളീധരൻ പറഞ്ഞു.മോദി ഇടക്കിടെ പിണറായി വിജയനെ സ്വർണവും വെള്ളിയും ഓർമിപ്പിക്കുന്നുണ്ട്. വലിയ കളി കളിക്കേണ്ടെന്നാണ് മോദി ഉദ്ദേശിച്ചത്. അതു കൊണ്ടാണ് പിണറായി നരേന്ദ്ര മോദി എന്ന് തികച്ച് പറയാത്തത്. അതിനാലാണ് എം.പിമാരെ പാർലമെന്‍റിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ കുറിച്ച് പിണറായി പ്രതികരിക്കാത്തതും മുരളീധരൻ കുറ്റപ്പെടുത്തി.