തിരുവനന്തപുരം> സാമ്പത്തിക മുന്നേറ്റത്തിന് കേരളം ആവശ്യപ്പെടുന്ന കാര്യങ്ങൾ ശരിവച്ച് നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി. ‘വികസിത ഭാരതം, ഇന്ത്യയുടെ ജി–-20 അധ്യക്ഷപദവി, സംസ്ഥാനങ്ങൾക്കുള്ള പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്‌റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ഇനി നേടിയെടുക്കേണ്ടവയ്‌ക്കും ആവശ്യമായ സാമ്പത്തിക സഹായമാണ് കേരളം ആവശ്യപ്പെടുന്നത്. അതിന് തടയിടുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ബഹുമുഖ ദാരിദ്ര്യ സൂചിക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ആരോഗ്യമേഖല എന്നിവയിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും നവീന ആശയങ്ങൾ, സംയോജിത ജലപരിപാലനം എന്നിവയിൽ കൂടുതൽ പുരോഗതി കൈവരിക്കാനാകുമെന്നും സുമൻ ബെറി പറഞ്ഞു. ജനസംഖ്യാപരമായ വിഷയങ്ങളാണ് ഇനി നേരിടാൻപോകുന്ന വെല്ലുവിളിയെന്ന് വളരെ മുമ്പേതന്നെ കേരളം തിരിച്ചറിഞ്ഞു. ഇക്കാര്യവും സുമൻബെറി ശരിവച്ചു. കേരളത്തിലെ മുതിർന്ന പൗരൻമാരുടെ എണ്ണം ദേശീയ ശരാശരിക്ക് മുകളിലാണ്. ഇത് വീണ്ടും വളരുകയും ജോലിചെയ്യുന്ന പ്രായത്തിലുള്ളവരുടെ ജനസംഖ്യ (20–34 വയസ്സ്) ചുരുങ്ങുന്നതും കേരളം നേരിടുന്ന വെല്ലുവിളികളാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങൾ വിജ്ഞാനോൽപ്പാദനത്തിനും നവീന ആശയങ്ങൾക്കും സഹായകമാകും. ഉൽപ്പാദനം, കയറ്റുമതി എന്നിവ ഉറപ്പാക്കുന്നതിലൂടെ കേരളത്തിന് മികച്ച സാമ്പത്തികമുന്നേറ്റം കൈവരിക്കാനാകും. വിട്ടുമാറാത്ത രോഗങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിലും കൈകാര്യം ചെയ്യുന്നതിലും കേരളം മുന്നിലാണ് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചർച്ചയിൽ ഉയർന്നപ്പോൾ പരോക്ഷമായി സമ്മതിക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. കേന്ദ്രസർക്കാർ ധനകേന്ദ്രീകരണം നടത്തുന്നുവെന്ന പരാതി സംസ്ഥാനങ്ങൾക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രവിഹിതം സംബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പരാതിയുണ്ട്.
ജനസംഖ്യാപരവും വികസനപരമായുമുള്ള മുന്നേറ്റങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട സഹായങ്ങൾ നിഷേധിക്കുന്നു എന്നാണ് സംസ്ഥാനങ്ങളുടെ ആക്ഷേപം. ഇത്തരം പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ് ജിഎസ്‌ടി കൗൺസിലും ധന കമീഷനുമെല്ലാം. ഈ വേദികളിൽ ഈ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് സമവായത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. ടി പി ശ്രീനിവാസൻ അധ്യക്ഷനായി. സിഡിഎസ് ഡയറക്ടർ പ്രൊഫ. സി വീരമണി സംസാരിച്ചു.