തിരുവനന്തപുരം : നിപ്മറിലെ ഒക്യുപേഷണല്‍ ബിരുദ പ്രോഗാമിന് ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പി അസോസിയേഷന്‍ അക്രെഡിറ്റേഷന്‍ ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനം നടത്തുന്ന ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി കോഴ്സിന് AIOTA അംഗീകാരം ലഭിക്കുന്നത്. ഒക്യുപേഷണല്‍ തെറാപ്പി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രോഫഷണലുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഒക്യുപേഷണല്‍ തെറാപ്പി വിദ്യാഭ്യാസത്തിന്‍റെ നിലവാരം നിശ്ചയിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് AIOTA. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ ലോക ഫെഡറേഷന്‍റെ സ്ഥാപകാംഗം കൂടിയാണ് AIOTA. AIOTA അംഗീകാരം ഉള്ള സ്ഥാപനങ്ങള്‍ക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഒക്യൂപഷണൽ തെറാപ്പിസ്റ്റ് (WFTO) അംഗീകാരവും ലഭിക്കും.
AIOTA / WFTO അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബിരുദമെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അന്താരാഷ്ട്ര തലത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയൂ. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും നല്ല പ്രാധാന്യവും ആവശ്യവുമുള്ള പ്രൊഫഷനാണ് ഒക്യുപേഷണല്‍ തെറാപ്പി എന്നതിനാല്‍, നിപ്മറില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്ലെയ്സ്മെന്റ് ലഭിക്കാൻ ഈ അംഗീകാരം കൂടുതല്‍ സഹായകമാകും. കൂടാതെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കാൻ AIOTA / WFTO അക്രെഡിറ്റേഷനുള്ള സ്ഥാപനത്തില്‍ പഠനം പൂർത്തീകരിക്കേണ്ടതുണ്ടെന്നതുകൊണ്ടും ഈ അംഗീകാരം വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനപ്പെടും.