പാലക്കാട്: മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിശ്രമസൗകര്യങ്ങളും ഒരുക്കുന്നതിൽ റെയിൽവേ വീഴ്ച കാണിക്കുന്നതിൽ പ്രതിഷേധിച്ച് ടിക്കറ്റ് പരിശോധകർ ദേശവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു.എയർകണ്ടീഷനിങ് സൗകര്യങ്ങൾ ഉൾപ്പെടെ നൽകി വിശ്രമമുറികൾ നവീകരിക്കാൻ റെയിൽവേ ബോർഡ് നിർദേശമുണ്ടായിട്ടും ദക്ഷിണ റെയിൽവേയിൽ ഇവ നടപ്പാക്കുന്നില്ലെന്ന് ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ ദേശീയ പ്രസിഡൻറ് സഞ്ജയ് സിങ് പറഞ്ഞു.പാലക്കാട് റെയിൽവേ ഡിവിഷനൽ ഓഫിസിന് മുന്നിൽ ജനുവരി പത്തിന് ഓർഗനൈസേഷൻ ദക്ഷിണമേഖല കമ്മിറ്റി ധർണ സംഘടിപ്പിക്കും. രാവിലെ 11 ന് ഓർഗനൈസേഷൻ ദേശീയ ജനറൽ സെക്രട്ടറി ഹേമന്ത് സോണി ഉദ്ഘാടനം ചെയ്യും.