തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ലൈവ് നേച്ചർ ലാബ് തിരുവനന്തപുരത്തെ പുളിയറക്കോണത്ത് പ്രവർത്തനം ആരംഭിച്ചു. ലോകപ്രശസ്ത സസ്യ ശാസ്ത്രജ്ഞനായ പ്രഫസർ ഡോക്ടർ അകിര മിയാവാക്കിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ പ്രകൃതി പഠനശാല പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ ജൈവ മാതൃക വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുന്നു.
കേരള ചീഫ് സെക്രട്ടറി ഡോ.വി. വേണു, യു.എൻ.സി.സി.ഡി ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി, കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയായ പത്മ മഹന്തി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു. ഭൂമിയുടെ ആവിർഭാവം മുതൽ കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികൾ വരെ ഇവിടെ ചുരുക്കി ചിത്രീകരിച്ചിരിക്കുന്നു.ഇതിനും പുറമേ പരിസ്ഥിതി പുനരുജ്ജീവനം എങ്ങനെ സാധ്യമാവും എന്നും വിശദീകരിക്കുന്നുണ്ട്. ഏതാണ്ട് അഞ്ഞൂറി ലധികം വൃക്ഷങ്ങളെയും ചെടികളെയും, 400ലധികം പ്രാണികളെയും പരിചയപ്പെടുത്താനുള്ള സംവിധാനം തയാറായിക്കൊണ്ടിരിക്കുകയാണ്. ജനുവരി അവസാനവാരത്തോടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങും.
അഗ്രികൾച്ചർ ആൻഡ് എക്കോ സിസ്റ്റം മാനേജ്മെൻറ് ഗ്രൂപ്പ് (ഏജസ്) എന്ന സന്നദ്ധ സംഘടനയാണ് ഇതിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും നടപ്പിലാക്കുന്നതും. ഉദ്ഘാടനത്തോടനുബന്ധിച്ച് യു.എൻ.സി.സി.ഡി യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പരിസ്ഥിതി പുനരുജ്ജീവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ശില്പശാലയും നടന്നു.