കൊല്ലം: 20 വർഷമായി കോഴിക്കോടും പാലക്കാടും പരസ്പരം കൊണ്ടുംകൊടുത്തും കുത്തകയാക്കിവെച്ച സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂർ സ്വന്തമാക്കിയത് ഫോട്ടോഫിനിഷിൽ. അവസാന ദിനം രാവിലെ കോഴിക്കോടാണ് മുന്നിട്ടുനിന്നിരുന്നത്. എന്നാൽ, ഉച്ചയോടെ സമാപിച്ച മത്സരങ്ങളുടെ ഫലം വന്നപ്പോൾ സുവർണകിരീടം കണ്ണൂരിലേക്കെന്ന് ഉറപ്പായി. കണ്ണൂരിന്‍റെ 23 വർഷത്തെ കാത്തിരിപ്പിന് സുവർണവിരാമം.
2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ജില്ല അവസാനമായി കപ്പുയർത്തിയത്. അന്ന് എറണാകുളത്തോടൊപ്പം സംയുക്ത ചാമ്പ്യന്മാരായിരുന്നു കണ്ണൂർ. അതിന് ശേഷം നിരവധി തവണ രണ്ടും മൂന്നും സ്ഥാനത്തെത്തിയെങ്കിലും ജേതാക്കളാവുകയെന്ന സ്വപ്നം യാഥാർഥ്യമായില്ല. കണ്ണൂർ അവസാനമായി കപ്പുയർത്തിയതിന് പിന്നാലെ നടന്ന, ഒന്നൊഴികെ എല്ലാ കലോത്സവത്തിലും ചാമ്പ്യന്മാരായത് കോഴിക്കോടോ പാലക്കാടോ ആണ്. 2003ൽ എറണാകുളം ചാമ്പ്യന്മാരായത് മാത്രമാണ് ഇതിനൊരപവാദം. കോഴിക്കോടാകട്ടെ, തുടർച്ചയായി 12 വർഷം കിരീടം കൈവശംവെക്കുകയും ചെയ്തു.
മൊകേരി രാജീവ്ഗാന്ധി എച്ച്.എസ്.എസാണ് കണ്ണൂരിന് വേണ്ടി കൂടുതൽ പോയിന്‍റ് നേടിയത് -80 പോയിന്‍റ്. സെന്‍റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ 59 പോയിന്‍റും നേടി. മമ്പറം എച്ച്.എസ്.എസ് 53 പോയിന്‍റും ജില്ലക്ക് സംഭാവന നൽകി. സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ആണ് മുന്നിൽ. 249 പോയിന്‍റാണ് ഗുരുകുലം സ്കൂൾ നേടിയത്.
1956ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചെങ്കിലും 1986ലാണ് സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് നൽകുന്ന പതിവ് തുടങ്ങിയത്. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറ്. 2009 മുതലാണ് ഹയർ സെക്കൻഡറി കലോത്സവം കൂടി ഒന്നിച്ച് നടത്താൻ തുടങ്ങിയത്.
1986ലെ കലോത്സവത്തിൽ സ്വർണക്കപ്പ് ആദ്യമായി സ്വന്തം പേരിലാക്കിയത് തിരുവനന്തപുരം ജില്ലയാണ്. അന്ന് തൃശൂരിലായിരുന്നു കലോത്സവം. തുടർന്നുള്ള മൂന്ന് വർഷവും കപ്പ് തിരുവനന്തപുരം തന്നെ നിലനിർത്തി. 1990ൽ ആലപ്പുഴ കലോത്സവത്തിൽ എറണാകുളമായി ചാമ്പ്യന്മാർ. 1991ൽ കാസർകോട് നടന്ന കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി സ്വർണക്കപ്പ് സ്വന്തമാക്കുന്നത്. കലോത്സവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് കൈവശം വെച്ചതും കോഴിക്കോട് തന്നെ.
2007 മുതൽ തുടർച്ചയായി 12 വർഷം സ്വർണക്കപ്പ് സ്വന്തമാക്കിയ ചരിത്രമുണ്ട് കോഴിക്കോട്ടുകാർക്ക്. ഇതിൽ 2015ൽ കോഴിക്കോടും പാലക്കാടും സംയുക്ത ചാമ്പ്യന്മാരായിരുന്നു. 2019ലെ ആലപ്പുഴ കലോത്സവത്തിൽ പാലക്കാട് ചാമ്പ്യന്മാരായപ്പോളാണ് കോഴിക്കോടിന്‍റെ അപ്രമാദിത്തം അവസാനിച്ചത്. 2020ൽ കാസർകോട് കലോത്സവത്തിലും കപ്പടിച്ചത് പാലക്കാട് തന്നെ. 2021ലും 22ലും കോവിഡ് കാരണം കലോത്സവം നടന്നില്ല. 2023ൽ കോഴിക്കോട് കലോത്‍സവം നടത്തിയപ്പോൾ കപ്പ് കോഴിക്കോട്ടുകാർ തിരികെ പിടിച്ചെടുത്തു. ഇതാണ് കൊല്ലത്തുനിന്ന് ഇത്തവണ കണ്ണൂരുകാർ കൊണ്ടുപോകുന്നത്.