ശാന്തൻപാറ > പന്നിയാർ എസ്റ്റേറ്റിൽ തോട്ടംതൊഴിലാളി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശി മോഹന്റെ ഭാര്യ പരിമള (44) യാണ് മരിച്ചത്. തിങ്കൾ രാവിലെ 7.45 പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയിലത്തോട്ടത്തിൽ വച്ചാണ് കാട്ടാന പരിമളയെ തുമ്പിക്കൈ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. തലയ്ക്കും ഇടതു കൈക്കും ഗുരുതരമായി പരിക്കേറ്റ പരിമളയെ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.
കൊളുന്തുനുള്ളാൻ പോകുമ്പോഴാണ് പരിമളവും കൂടെയുണ്ടായിരുന്ന പഴനിയമ്മയും കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്. പഴനിയമ്മ ഓടിരക്ഷപ്പെട്ടു. നാട്ടുകാർ എത്തി ബഹളംവച്ചതോടെ കാട്ടാനക്കൂട്ടം പിന്തിരിഞ്ഞുപോയി. ആറ് കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പോസ്റ്റുമോർട്ടത്തിന്ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തൻപാറ പൊലീസ് നടപടികൾ സ്വീകരിച്ചു. മക്കൾ: മണികണ്ഠപ്രകാശ്, ഭാരതി, മോനിഷ.












