കൊല്ലം > 62ാമത് സ്കൂൾ കലോത്സവത്തിലെ വിജയികൾക്കും വിദ്യാർഥികൾക്കും സംഘാടകർക്കും അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും മേള വിജയത്തിലെത്തിച്ച സംഘാടകരെയും കൊല്ലത്തെ ജനതയെയും ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പഠനത്തോടൊപ്പം കലയിലും മികവ് പുലർത്തി ആരോഗ്യകരമായ മത്സരമനസോടെ മുന്നോട്ട് പോകാൻ കലോത്സവ അനുഭവങ്ങൾ ഭാവി തലമുറയ്ക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപസ്വരങ്ങൾ ഇല്ലാതെ, ഒറ്റ മനസോടെ കലാമേളയെ ചരിത്രവിജയമാക്കിയ വിദ്യാഭ്യാസ വകുപ്പിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. വേറിട്ട അഭിരുചികളോടെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നെത്തി വേർതിരിവുകളോ വിവേചനങ്ങളോ ഇല്ലാതെ കലോത്സവത്തിൽ മാറ്റുരച്ച കൗമാര പ്രതിഭകൾക്ക് ജയപരാജയങ്ങൾക്കപ്പുറം കലാനൈപുണി ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
നാടാകെ ഏറ്റെടുത്ത മഹോത്സവമായി 62ാമത് കേരളാ സ്കൂൾ കലാമേള മാറിയപ്പോൾ കലയോടുള്ള നാടിന്റെ അടങ്ങാത്ത അഭിനിവേശവും പ്രതിബദ്ധതയുമാണ് പ്രതിഫലിച്ചത്. ഒരു ജനസമൂഹമെന്ന നിലയിൽ നാം കാത്തുസൂക്ഷിക്കുന്ന ഐക്യബോധത്തിന്റെയും ഒത്തൊരുമയുടെയും വിളംബരം കൂടിയായിരുന്നു അഞ്ചു നാൾ നീണ്ട കലോത്സവം. ഈ ദൗത്യം പ്രശംസനീയമായി നിറവേറ്റാൻ ഒരു നാട് തന്നെ മുന്നിട്ടിറങ്ങുന്നതാണ് കൊല്ലത്ത് കണ്ടത്.
കൂടുതൽ പോയിന്റുകൾ നേടി ഒന്നാമതെത്തിയ കണ്ണൂർ ജില്ലയ്ക്കും തൊട്ടു പിന്നിലെത്തിയ കോഴിക്കോട് ജില്ലയ്ക്കും മൂന്നാമതെത്തിയ പാലക്കാട് ജില്ലയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ – മന്ത്രി കുറിച്ചു.