തിരുവനന്തപുരം : സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ സുധാകരനെ തിരുത്തി എം എം ഹസൻ. പദ്ധതിയെ കുറിച്ച് തങ്ങളെ ഇനി ആരും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. കെ റെയിൽ പദ്ധതി അപ്രായോഗികമാണ്, അശാസ്ത്രീയമാണ് മാത്രമല്ല അത് കേരളത്തിന് താങ്ങാനാവാത്തതാണ്. ഞങ്ങൾ സെമി സ്പീഡ് റെയിൽ പാതയ്ക്ക് എതിരല്ല. പക്ഷെ സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഒട്ടും യോജിച്ചതല്ലാത്തത്, അത്കൊണ്ട് ഒരു ബദൽ പദ്ധതി വേണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌തെന്ന് കെ സുധാകരൻ വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെപിസി സി അധ്യക്ഷൻ കെ സുധാകരൻ. കെ റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെയെന്ന് അദ്ദേഹം ചോദിച്ചു.
ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിന് മറുപടി നൽകണം. ഇക്കാര്യത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് നിലപാട് വ്യക്തമാണ്. പദ്ധതിക്ക് കോൺഗ്രസ് എതിരല്ല ഗുണകരമെന്ന് ബോധ്യപ്പെടുത്താനാണ് പറയുന്നതെന്നും കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർ ലൈൻ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്ക മാറ്റണം. വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കേരളത്തിന് കഴിയില്ലെന്നും വലിയ പദ്ധതി കൊണ്ട് വരുമ്പോൾ വിശദമായ ഡി.പി.ആർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ ഡിപിആറിൽ പൂർണ്ണ വിവരം ഇല്ലെന്നും അതിനാൽ ഇപ്പോൾ അനുമതി നൽകാനാകില്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാടിനെ ചെറുക്കാൻ സിപിഐഎം. വിഷയം സിപിഎം പാർലമെന്റിൽ ഉയർത്തി. സിപിഐഎം എംപി എളമരം കരീമാണ് സിൽവർലൈൻ പദ്ധതി രാജ്യസഭയിൽ ഉന്നയിച്ചത്. കെ-റെയിൽ കേരളത്തിന്റെ വികസന പദ്ധതിയാണെന്നും അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായ പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നുമാണ് സിപിഐഎം ശൂന്യ വേളയിൽ സഭയിൽ ഉന്നയിച്ചത്. എന്നാൽ ഇതിനെ കോൺഗ്രസ് എംപി കെസി വേണുഗോപാൽ എതിർത്തു.