കണ്ണൂർ> സംസ്ഥാന സ്‌കൂൾ കലോത്സവകിരീടം ചൂടിയ കണ്ണൂരിന്റെ അഭിമാനതാരങ്ങൾക്ക് ഉജ്വല വരവേൽപ്പ്. കൊല്ലത്തുനിന്ന് സ്വർണക്കപ്പുമായെത്തിയ ടീമിനെ ജില്ലാ അതിർത്തിയായ മാഹിപ്പാലത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജനപ്രതിനിധികൾ, രാഷ്‌ട്രീയനേതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുത്തു.
തലശേരി സേക്രഡ്‌ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിന്റെ ബാൻഡ്‌മേളം അകമ്പടിയായി . ‘വെൽക്കം ബ്യൂട്ടിഫുൾ കണ്ണൂർ’ ബാനർ ഉയർത്തിയാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്. വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ പടക്കംപൊട്ടിച്ചും ന്യൂമാഹി എംഎം സ്‌കൂൾ അലുമ്‌നി പ്രവർത്തകർ ലഡു വിതരണംചെയ്‌തും ആഘോഷിച്ചു.
പി പി ദിവ്യയുടെ നേതൃത്വത്തിൽ തുറന്ന വാഹനത്തിലാണ് കലാകിരീടം കണ്ണൂരിലേക്ക് ആനയിച്ചത്. തലശേരി പഴയ ബസ്‌സ്‌റ്റാൻഡിൽ നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി ഹാരമണിയിച്ചു. വാദ്യഘോഷവും മധുരവിതരണവുമുണ്ടായി. മീത്തലെപ്പീടിക, മൊയ്‌തുപ്പാലം, എടക്കാട് ബസാർ, ചാല, താഴെചൊവ്വ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കണ്ണൂർ നഗരത്തിലെത്തി. കണ്ണൂർ ടൗൺ സ്ക്വയറിലെ സ്വീകരണം കഥാകൃത്ത് ടി പത്മനാഭൻ ഉദ്‌ഘാടനംചെയ്‌തു. കലക്ടർ അരുൺ കെ വിജയൻ, ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ഗോപി, ഡിഡിഇ എ പി അംബിക, ഹയർസെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവർ സംസാരിച്ചു.